സോനിപത് : പ്രണയിച്ചതിന് പ്രായപൂർത്തിയാകാത്ത മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. ഹരിയാനയിലെ സോനിപത്തിലാണ് ദാരുണമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൃതദേഹം സോനിപത്തിലെ സിവിൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പൊലീസ് പറയുന്നതിങ്ങനെ : ഗ്രാമത്തിൽ ഒരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചു എന്ന അറിയിപ്പിനെത്തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. പെണ്‍കുട്ടി അബദ്ധത്തിൽ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചത്. എന്നാൽ സംശയം തോന്നിയ പൊലീസ് മൃതദേഹം വൈദ്യപരിശേധനയ്‌ക്ക് അയക്കുകയായിരുന്നു.
പിന്നാലെയാണ് പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളേയും, അയൽക്കാരെയും ചോദ്യം ചെയ്‌തതോടെ ദുരഭിമാനക്കൊലയുടെ ചുരുൾ അഴിയുകയായിരുന്നു. പിന്നാലെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു.