ഹിസാര്‍ (ഹരിയാന): ദൂരെയിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ട്യൂബ് വെല്‍ മോട്ടറിന്‍റെ (പാടങ്ങളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്ന മോട്ടര്‍) പ്രവര്‍ത്തനം നിയന്ത്രിക്കാനാകുന്ന ഉപകരണം വികസിപ്പിച്ച് ഹരിയാന സ്വദേശി. എഞ്ചിനീയറും ഹരിയാനയിലെ ഹിസാർ സ്വദേശിയുമായ സുനില്‍ കുമാറാണ് കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന ഉപകരണത്തിന് പിന്നില്‍. നിലവിൽ ഹരിയാനയിലും രാജസ്ഥാനിലുമായി 5,000-ലധികം കർഷകരും നേപ്പാളിലെ 250 ഓളം കർഷകരും ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്.
വീട്ടില്‍ നിന്ന് ഏറെ അകലെയുള്ള പാടം നനയ്ക്കുന്നതിനായി കര്‍ഷകനായ അച്ഛന്‍ രാത്രി ഏറെ ദൂരം സഞ്ചരിക്കുന്നത് കണ്ട് അതിനുള്ള പരിഹാരമെന്ന നിലയിലാണ് ഇലക്ട്രിക്കൽ എഞ്ചിനീയറായ സുനില്‍ കുമാറിന് ഇത്തരമൊരു നൂതന ആശയം ആദ്യം മനസിലുദിക്കുന്നത്. ഹരിയാന സർവകലാശാലക്ക് കീഴിലുള്ള അഗ്രി-ബിസിനസ് സെന്‍ററില്‍ നിന്ന് ഗ്രാന്‍ഡ് ലഭിച്ചതോടെ ഉപകരണം വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അഞ്ച് വർഷം മുന്‍പാണ് ഉപകരണം വിപണിയിലെത്തിക്കുന്നത്.
5,000 രൂപ മുതല്‍ വിപണിയില്‍ ലഭ്യമായ ഉപകരണത്തിന്‍റെ പ്രവര്‍ത്തനം എളുപ്പമാണെന്ന് സുനില്‍ കുമാര്‍ പറയുന്നു. ഉപകരണം വാങ്ങുമ്പോള്‍ പുതിയ ഒരു സിം കാര്‍ഡ് കൂടി എടുക്കണം. ഇതില്‍ സിം കാര്‍ഡ് ഇടാനുള്ള സൗകര്യമുണ്ട്.
ഉപകരണവുമായി മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ചതിന് ശേഷം സിം കാർഡ് ഇടുക. മൊബൈല്‍ ഫോണില്‍ നിന്ന് ഈ നമ്പറില്‍ വിളിച്ചാല്‍ കർഷകർക്ക് നിലവിലെ വൈദ്യുതി വിതരണ നില അറിയാനാകും. മോട്ടോർ ഓണാക്കാൻ മൊബൈലില്‍ വിളിച്ച് ഏഴ് എന്ന നമ്പറും ഓഫ് ചെയ്യാന്‍ ഒമ്പത് എന്ന നമ്പറും അമര്‍ത്തണം.
വൈദ്യുതി വിതരണം മുടങ്ങുന്ന സാഹചര്യത്തില്‍ വൈദ്യുതി തിരികെ വരുന്നത് ഒരു എസ്‌എംഎസ് സന്ദേശത്തിലൂടെ കര്‍ഷകര്‍ക്ക് അറിയാനാകും. സ്റ്റാർട്ടർ മോട്ടര്‍ കത്തിപ്പോകുന്നില്ലെന്ന് ഉപകരണം ഉറപ്പാക്കുകയും ഉപയോക്താവിന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. വെള്ളം പമ്പ് ചെയ്യാത്തത്, ഷോർട്ട് സർക്യൂട്ട്, വൈദ്യുതി വിതരണ തടസം, വോൾട്ടേജ് വ്യതിയാനം തുടങ്ങിയവ സംഭവിച്ചാല്‍ ഓട്ടോമാറ്റിക്കായി മോട്ടർ ഓഫാകുമെന്നും സുനില്‍ കുമാര്‍ പറയുന്നു.