ചണ്ഡിഗഡ്: കര്‍ഷകരോട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ (എഫ്‌പിഒ) ചേരാന്‍ ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ഷകര്‍ കൂട്ടത്തോടെ എഫ്‌പിഒകളില്‍ എത്തി സംഭരണം, നിര്‍വഹണം, ഗ്രേഡിങ്, പാക്കേജിങ് ടെക്‌നിക്കുകള്‍ എന്നിവ സ്വീകരിച്ച് കൂടുതൽ വരുമാനം നേടാനും അദ്ദേഹം ആവശ്യപ്പെട്ടു. മൈക്രോ ഇറിഗേഷൻ, ഡ്രിപ്പ് ഇറിഗേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും ഖട്ടര്‍ കര്‍ഷകരോടായി അറിയിച്ചു.
പരിസ്ഥിതിയോട് ഇണങ്ങിയ കൃഷി അവലംബിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, ഇത് ഭൂമിയുടെ ഫലസമ്പുഷ്‌ടത വര്‍ധിപ്പിക്കുമെന്നും അറിയിച്ചു. ഇവയ്‌ക്ക് കുറഞ്ഞ ജലം മാത്രമാണ് ആവശ്യമായി വരിക. കൂടാതെ രാസവളങ്ങളെ ആശ്രയിക്കാത്തതിനാല്‍ ഉത്പാദനച്ചെലവ് കുറയും. മാത്രമല്ല ഉത്പാദനത്തിന്‍റെ ഗുണനിലവാരം വർധിക്കുമെന്നും ഖട്ടര്‍ അഭിപ്രായപ്പെട്ടു.
എന്തിനാണ് എഫ്‌പിഒകള്‍ : ആധുനിക സാങ്കേതിക സഹായത്തോടെയുള്ള നിര്‍വഹണം, സംഭരണം, വിപണനം എന്നിവയെക്കുറിച്ചുള്ള അറിവ് കർഷകർക്ക് നൽകിക്കൊണ്ട് അവരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എഫ്‌പിഒകള്‍ വിഭാവനം ചെയ്‌തിട്ടുള്ളത്. ഇതുപ്രകാരം 10,000 എഫ്‌പിഒകള്‍ സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഹരിയാനയിലെ കര്‍ഷകര്‍ ഈ പദ്ധതിയെ വിജയകരമായി ഏറ്റെടുത്തുവെന്നും നിലവില്‍ സംസ്ഥാനത്ത് 731 എഫ്‌പിഒകള്‍ ഉണ്ടെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഈ എഫ്‌പിഒകളിലൂടെയുണ്ടായ നേട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മറ്റ് കര്‍ഷകര്‍ എഫ്‌പിഒകളുടെ ഭാഗമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സഹായിക്കാന്‍ സര്‍ക്കാരുമുണ്ട്: ഉത്പന്നങ്ങളുടെ ഗ്രേഡിങ്, ബ്രാൻഡിങ് എന്നിവയുമായി ബന്ധപ്പെട്ട് എഫ്‌പിഒകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ആശയ വിനിമയത്തിനിടെ ഖട്ടര്‍ അറിയിച്ചു. ഇതുമുഖേന തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സോനിപത് ജില്ലയിലെ അറ്റേര്‍ന ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്‍റെ ഉടമ ജൈനേന്ദര്‍ ചൗഹാന്‍, 500 കര്‍ഷകര്‍ അദ്ദേഹത്തിന്‍റെ എഫ്‌പിഒയില്‍ ഭാഗമായെന്നും ഇവര്‍ ബേബി കോണും സ്വീറ്റ് കോണും ഉത്പാദിപ്പിക്കുന്നതായും അറിയിച്ചതായും ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ പറഞ്ഞു. ഇതുപോലെ തന്നെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ വെജിറ്റബിള്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ഉടമ അനുരാഗ്, അദ്ദേഹത്തിന്‍റെ എഫ്‌പിഒയില്‍ 300 കര്‍ഷകര്‍ ഭാഗമായെന്നും ഇവര്‍ കിഴങ്ങ് കൃഷി ചെയ്യുന്നതായും അറിയിച്ചതായും മനോഹര്‍ ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ മാത്രമല്ല, ഇനി സംരംഭകരും: വ്യത്യസ്‌ത കമ്പനികളുമായി കൈകോർക്കുന്നതിലൂടെ കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുന്നു. തങ്ങളുടെ ഉത്പന്നത്തിന്‍റെ ഗ്രേഡിങ്ങും പാക്കേജിങ്ങും നടത്തുന്നതിലൂടെ ഇടനിലക്കാരുടെ കൈകടത്തലുകളില്‍ നിന്നും രക്ഷപ്പെടാം. മാത്രമല്ല ഇവര്‍ക്ക് വിപണിയുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുമെന്നും ഖട്ടര്‍ പറഞ്ഞു. തക്കാളി സോസ്, ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്, ഉണക്കിയ ഉള്ളി തുടങ്ങി കര്‍ഷകര്‍ക്ക് വ്യത്യസ്‌തതരം ഉത്പന്നങ്ങള്‍ തയ്യാറാക്കാമെന്നും ഇത്തരത്തില്‍ സ്വന്തമായുള്ള കാർഷികാധിഷ്ഠിത ചെറുകിട വ്യവസായങ്ങൾ നടത്തി കര്‍ഷകര്‍ക്ക് സംരംഭകരാകാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വിതരണത്തില്‍ ഹരിയാനയ്‌ക്ക് ഒരുപാട് സാധ്യതകളുണ്ടെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.