ന്യൂഡൽഹി: ക്ഷയരോഗ (ടിബി) വാക്സിന്‍ വികസിപ്പിക്കുന്നതിന് ആഗോള സമൂഹത്തിന്‍റെ പിന്തുണ തേടി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ബുധനാഴ്‌ച ലോകാരോഗ്യ സംഘടന ക്ഷയരോഗത്തെ കുറിച്ച് സംഘടിപ്പിച്ച 'ഗ്ലോബൽ ഡ്രൈവ് ടു സ്‌കെയിൽ-അപ്പ് ടിബി പ്രിവൻഷൻ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെർച്വലായാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശീയ തലത്തിലുള്ള ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾ
ആഗോള തലത്തിലും രാജ്യതലത്തിലും ആവശ്യമായ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് പ്രത്യേക ഉന്നതതല പരിപാടി സംഘടിപ്പിച്ചത്. രോഗം പടർത്തുന്ന ശൃംഗലകൾ തകർക്കേണ്ടതും രോഗത്തെ പൂർണമായി ഇല്ലാതാക്കേണ്ടതും ആവശ്യമാണ്. 2025 ഓടെ ക്ഷയരോഗത്തെ പൂർണമായി ഇല്ലാതാക്കാനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും ഇതിന് ആവശ്യമായ പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി നിരവിധി പേരെ രാജ്യത്ത് ചികിത്സിക്കുന്നുണ്ട്. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ഫലപ്രദമാക്കുമെന്നും ഇതിനായി 40 ദശലക്ഷം പേർക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും പുരോഗതിയെ കുറിച്ച് അറിയാൻ ആരംഭിച്ച ഉപ-ദേശീയ സർട്ടിഫിക്കേഷനെ കുറിച്ചും മന്ത്രി യോഗത്തിൽ സംസാരിച്ചു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെയും ജമ്മു കശ്‌മീരിലെ ബഡ്‌ഗാം ജില്ലയെയും യഥാക്രമം ആദ്യ ക്ഷയരോഗ വിമുക്ത കേന്ദ്രഭരണ പ്രദേശമായും ജില്ലയായും യോഗത്തിൽ പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഇത്തരത്തിൽ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും സഹകരണം ആവശ്യമാണെന്നും അറിയിച്ചു.
ആഗോളതലത്തിലുള്ള സഹകരണം
ക്ഷയരോഗത്തെ ഇല്ലാതാക്കാൻ വാക്‌സിനും മരുന്നുകളും നിർമിക്കേണ്ടത് അത്യാവശ്യമാണ്. ലോകരാജ്യങ്ങൾ ഒന്നിച്ച് നിന്നാൽ ഒരു വർഷത്തിനുള്ളിൽ വാക്‌സിൻ നിർമിക്കാൻ സാധിക്കുമെന്ന് കൊവിഡ് വാക്‌സിൻ നിർമിച്ചതോടെ മനസിലായെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾക്ക് 2023 ഓടെ ക്ഷയരോഗ വാക്‌സിൻ നിർമിക്കാനും 2030 ഓടെ ക്ഷയരോഗത്തെ ഇല്ലാതാക്കാനും ആഗോളതലത്തിൽ നിന്നുള്ള ധനസഹായം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ലോകാരോഗ്യ സംഘടനയുടെ ആഗോള ടിബി പ്രോഗ്രാം ഡയറക്‌ടർ തെരേസ കസീവ, ഇന്ത്യ, ബ്രസീൽ, നൈജീരിയ, റഷ്യ, ഫിലിപ്പൈൻസ്, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കൾ, ക്ഷയരോഗത്തെ അതിജീവിച്ച വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Also Read: കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ദക്ഷിണ കൊറിയ