ചണ്ഡീഗഢ്: ബിജെപി പഞ്ചാബിൽ ഓപ്പറേഷൻ ലോട്ടസ് നടത്തുന്നതായി പഞ്ചാബ് ധനമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ ഹർപാൽ ചീമ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തന്നോടൊപ്പം നിന്ന 35 എംഎൽഎമാരെയും ബിജെപി വിലക്ക് വാങ്ങാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമത്തിൽ ബിജെപി പരാജയപ്പെട്ടു.
മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഗോവ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് നിലവിൽ ഓപ്പറേഷൻ ലോട്ടസ് നടക്കുന്നത്. ബിജെപിക്ക് അധികാരം ഇല്ലാത്ത സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഇഡിയേയും സിബിഐയേയും ഉപയോഗിക്കുന്നതായും ചീമ പറഞ്ഞു. ഡൽഹിയിലെ ആം ആദ്‌മി പാർട്ടിയെ തകർക്കാനാണ് ബിജെപി ആദ്യ ശ്രമം നടത്തിയത്.
എന്നാൽ അവിടെയും ബിജെപി പരാജയപ്പെട്ടു. 800 കോടി രൂപയാണ് ഓപ്പറേഷൻ ലോട്ടസിനായി ബിജെപി നീക്കിവച്ചിട്ടുള്ളതെന്നും ഈ പദ്ധതിയിൽ ബിജെപിയിലെ മുതിർന്ന നേതാക്കളും ഉൾപ്പെടുന്നുണ്ടെന്നും ചീമ ആരോപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ എംഎൽഎമാരും ചേർന്ന് പഞ്ചാബ് ഡിജിപിയെ കാണാൻ പോകുന്നതായും എംഎൽഎമാരെ വാങ്ങാൻ ശ്രമിച്ച കള്ളപ്പണം എവിടെയാണെന്ന് കണ്ടെത്താൻ അന്വേഷണം ആവശ്യപ്പെടുമെന്നും ചീമ വാർത്താസമ്മേളനത്തിൽ പറഞ്ഞു.