മുംബൈ: "വിജയിയായി പ്രഖ്യാപിച്ചത് എന്‍റെ പേരല്ല, മറിച്ച് രാജ്യത്തിന്‍റേതാണ്, മനോഹരമായ ആ നിമിഷത്തില്‍ വലിയ അഭിമാനമുണ്ടായി.'' ആത്മവിശ്വാസവും ആത്മാഭിമാനവും തിളങ്ങുന്ന കണ്ണുകളോടെ സംസാരിക്കുന്ന, വിശ്വ സുന്ദരി കിരീടം ചൂടിയ ഇന്ത്യയുടെ ഹര്‍നാസ് കൗര്‍ സന്ധുവിന്‍റേതാണ് ഈ വാക്കുകള്‍.
മാതാപിതാക്കളാണ് തനിക്ക് വലിയ പിന്തുണ നല്‍കുന്നതെന്നും ഇ.ടി.വി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ചണ്ഡിഗഡ് സ്വദേശിയും മോഡലുമായ ഹര്‍നാസെന്ന 21 കാരി ഇസ്രയേലിലെ എയ്‌ലറ്റില്‍ നടന്ന 70ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് വിജയ കിരീടം സ്വന്തമാക്കിയത്.
2000ല്‍ ലാറ ദത്ത ഭൂപതി, 1994ല്‍ സുസ്‌മിത സെന്‍ എന്നിവരാണ് ഹര്‍നാസിന് മുന്‍പ് കിരീടമണിഞ്ഞ ഇന്ത്യക്കാരായ വിശ്വ സുന്ദരികള്‍.
'പഞ്ചാബ് കി ഷേർണി'; പിതാവിന്‍റെ പ്രയോഗം
ഈ മത്സരത്തില്‍ 30 ദിവസത്തെ തയ്യാറെടുപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശയവിനിമയം, റാംപ് നടത്തം, മുടി, മേക്കപ്പ്, ഡയറ്റ്, ജിം പരിശീലനം എന്നിവയ്‌ക്കൊപ്പം വിവിധ ഷൂട്ടുകളുടെ സെഷനുകളും ഉണ്ടായിരുന്നു. തന്‍റെ കുടുംബത്തിന്‍റെയും സംഘടനയുടെയും വലിയ പിന്തുണയുണ്ടായിരുന്നു.
ചണ്ഡീഗഢിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നഗരത്തിലെ ഏറ്റവും മികച്ച സൗകര്യം വ്യത്യസ്‌ത സമൂഹങ്ങൾ ഒരുമിച്ചു ജീവിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
തന്‍റെ ആദ്യകാല മോഡലിങ് നാളുകളെക്കുറിച്ചും ഹര്‍നാസ് പറയുന്നു. "എന്‍റെ കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. 'പഞ്ചാബ് കി ഷേർണി' എന്ന് വിശേഷിപ്പിച്ചത് പിതാവാണ്. ഗൈനക്കോളജിസ്റ്റായ എന്‍റെ അമ്മ എപ്പോഴും ഒരു നല്ല സുഹൃത്തിനെപ്പോലെ പിന്തുണച്ചു. ലജ്ജാശീലമുള്ള പെണ്‍കുട്ടിയിയാരുന്നു ഞാന്‍ ആകസ്‌മികമായി 17ാം വയസിലാണ് മോഡലിങ് ആരംഭിച്ചത്.''
ALSO READ: കാൻപൂർ റെയ്‌ഡ്: നോട്ടെണ്ണൽ പൂർത്തിയായി, പിടിച്ചെടുത്തത് 177 കോടി രൂപ
ആദ്യഘട്ടത്തില്‍ അന്തർമുഖയായ പെൺകുട്ടിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള മുൻ വിശ്വ സുന്ദരി പട്ടം അണിഞ്ഞവരെപ്പോലെ ഒരു പ്രചോദനമാകാൻ താന്‍ ആഗ്രഹിക്കുന്നു. രണ്ട് പഞ്ചാബി സിനിമകളിൽ അഭിനയിച്ച ഹര്‍നാസ് ഭാവി പ്രൊജക്‌റ്റുകളെക്കുറിച്ച് സംസാരിക്കാന്‍ സമയമുണ്ടെന്നും ഇ.ടി.വി ഭാരതിനോട് ഹര്‍നാസ് കൗര്‍ സന്ധു പറഞ്ഞു.