ചണ്ഡിഗഢ്: ആഭ്യന്തര കലഹം തുടരുന്ന പഞ്ചാബില്‍ അനുനയ ശ്രമങ്ങള്‍ തുടര്‍ന്ന് കോണ്‍ഗ്രസ്. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്‌ച ഹരീഷ് റാവത്ത് ചണ്ഡിഗഢിലെത്തി.
നവജ്യോത് സിങ് സിദ്ദുവിന് ഉന്നത പദവി നല്‍കുമെന്ന ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ സന്ദര്‍ശനം. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് തെരഞ്ഞെടുപ്പ് ചുമതല നല്‍കി സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
Read more: പഞ്ചാബ് തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും; സിദ്ദു സംസ്ഥാന അധ്യക്ഷനാകും
എന്നാല്‍, അമരീന്ദര്‍ സിങിനെതിരെ പരസ്യമായി കൊമ്പുകോര്‍ത്ത സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തില്‍ അമരീന്ദർ സിങും മുൻ അധ്യക്ഷന്‍ സുനിൽ ജഖറും വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ച് അമരീന്ദര്‍ സിങ് ഇക്കാര്യത്തിൽ നീരസം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, അമരീന്ദര്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള സാധ്യത തെളിയുന്നുണ്ട്. ഗുര്‍പ്രീത് കംഗര്‍, ചരഞ്ജിത് ചാന്നി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടേക്കാമെന്നാണ് സൂചന.