ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): അയല്‍വാസിയുടെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഒമ്പത് വയസുകാരന് ഗുരുതര പരിക്ക്. ഹരിദ്വാർ ജില്ലയിലെ ഷെയ്ഖ്‌പുര കൻഖാലിലുള്ള മിശ്ര ഗാര്‍ഡനിലാണ് അയല്‍വാസിയുടെ പിറ്റ്‌ബുള്‍ ഇനത്തില്‍പെടുന്ന വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഒമ്പതുകാരനായ ജ്യോതിർ ഗുപ്‌തയ്‌ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ വയറ്റിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതൃസഹോദരിയുടെ വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് ജ്യോതിറിന് നേരെ അയല്‍വാസിയായ ശുഭം റാം ചന്ദ്വാനിയുടെ പിറ്റ്‌ബുള്‍ ഇനത്തില്‍പെട്ട നായ ഓടിയടുത്തത്. നായയെ കണ്ടതോടെ കുട്ടി വീടിനകത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് മുമ്പേ ജ്യോതിറിനെ നായ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു.
നായയുടെ ഉടമസ്ഥന്‍ ഇതിനെ കൂട്ടിലിടാതെ സ്വതന്ത്രമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും അതിനാലാണ് വലിയ അപകടം സംഭവിച്ചതെന്നും കുടുംബം കൻഖൽ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അറിയിച്ചു. തന്‍റെ സഹോദരിയുടെ വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മകനെ നായ ആക്രമിച്ചതെന്നും ഇതില്‍ കുട്ടിയുടെ വയറ്റിലും കൈകളിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നും ജ്യോതിറിന്‍റെ പിതാവ് വിശാല്‍ ഗുപ്‌ത പരാതിയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഹരിദ്വാര്‍ സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ മനോജ് താക്കൂര്‍ അറിയിച്ചു.