ഗാന്ധിനഗർ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് പുനർനാമകരണം ചെയ്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കിയത് സർദാർ പട്ടേലിനെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
സർദാർ പട്ടേലിന്‍റെ പേരിൽ വോട്ട് ചോദിച്ച ബിജെപി ഇപ്പോൾ സർദാർ പട്ടേലിനെ അപമാനിക്കുകയാണ്. ഗുജറാത്തിലെ ജനങ്ങൾക്ക് ഇത് സഹിക്കാനാകില്ലന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റിന് മുന്നോടിയായി സ്റ്റേഡിയത്തിന്‍റെ പുനർനാമകരണ ഉദ്ഘാടാനം പ്രസിഡന്‍റ് രാം നാഥ് കോവിന്ദാണ് ബുധനാഴ്ച നിർവഹിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറയില്‍ 1,32,000 പേരെ ഒരേസമയം ഉൾക്കൊള്ളാനാകും. സ്റ്റേഡിയം ഓവൽ ആകൃതിയിലാണ് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റേയത്തിലെ 11 പിച്ചുകളില്‍ മത്സരം നടക്കുമ്പോഴും അതിർത്തിയുടെ വലുപ്പം ഇരുവശത്തും ഒരേപോലെ തുടരും. ഈ സ്റ്റേഡിയം നിർമിക്കുന്നതിനു മുമ്പ് ഷാഡോ മാപ്പിംഗും നടത്തിയിരുന്നു. ഇതുമൂലം സന്ധ്യാസമയത്ത് നിഴലുകളൊന്നും സ്റ്റേഡിയത്തിൽ കാണാനാകില്ല.