ഛണ്ഡീഗഡ്: പ്രകൃതി നൽകുന്ന അതിമനോഹരമായ പഴങ്ങളിലൊന്നാണ് സ്‌ട്രോബറി. ചുവന്നു തുടുത്ത ഇത്തരം സ്‌ട്രോബറി പഴങ്ങളാൽ സമ്പന്നമാണ് ലുധിയാനയിലെ നാംധാരി ഹര്‍ദേവ് സിംഗിന്‍റെ കൃഷിയിടം. ജൈവകൃഷിയിലൂടെയാണ് നാംധാരി ഹര്‍ദേവ് സിംഗ് തന്‍റെ കൃഷിയിടത്തിൽ സ്‌ട്രോബറി പഴങ്ങൾ വിളയിച്ചെടുത്തത്.
സമീപ കാലത്ത് ജലദൗർലഭ്യം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. അതിനാല്‍ ഗോതമ്പ്, നെല്ല് തുടങ്ങിയ പരമ്പരാഗത വിളകള്‍ കൃഷി ചെയ്യുന്നത് ദുഷ്കരമായി. ഈ സാഹചപര്യത്തിലാണ് സർക്കാർ മുന്‍കൈ എടുത്ത് ജനങ്ങളെ മറ്റ് വിളകള്‍ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത്. അങ്ങനെയാണ് നാംധാരി ഹര്‍ദേവ് സിംഗ് തന്‍റെ കൃഷിയിടത്തിൽ സ്‌ട്രോബറി കൃഷി ചെയ്യാൻ ആരംഭിച്ചത്. ഹര്‍ദേവ് സിംഗിന്‍റെ കൃഷിയിടത്തിലുള്ള വ്യത്യസ്ത സ്‌ട്രോബറികൾ ഇന്ന് പഞ്ചാബില്‍ മുഴുവന്‍ പ്രശസ്‌തമാണ്. സ്‌ട്രോബറികൾക്ക് പുറമേ പര്‍പ്പിള്‍, മഞ്ഞ നിറങ്ങളിലുള്ള കാബേജും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. തുടക്കത്തില്‍ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇന്ന് അതിനെയെല്ലാം മറി കടന്ന് വിജയത്തിലെത്തി നിൽക്കുകയാണ് ഹര്‍ദേവ് സിംഗ്. ഇത്തരം കൃഷിയുമായി ബന്ധപ്പെട്ട് പഞ്ചാബ് അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം പരിശീലനവും നേടിയിട്ടുണ്ട്.
ഹര്‍ദേവ് സിംഗിന്‍റെ കൃഷിയിടത്തിൽ വളരുന്ന സ്‌ട്രോബറികളെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിച്ച് മനസിലാക്കാം. ലുധിയാനയിലെ ഈ സ്‌ട്രോബറി പഞ്ചാബില്‍ മാത്രമല്ല പഞ്ചാബിന്‍റെയും ഹരിയാനയുടെയും തലസ്ഥാനമായ ഛണ്ഡീഗഡിലും വളരെയധികം പ്രശസ്തമായി കൊണ്ടിരിക്കുകയാണ്. ജൈവസ്‌ട്രോബറികൾ വാങ്ങാനായി ദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഇവിടേക്കെത്തുന്നത്. സ്‌ട്രോബറികൾക്ക് പുറമേ വിപണിയില്‍ ലഭ്യമായ വിവിധ തരം ഫലവര്‍ഗങ്ങളും ഇരുപത്തിനാല് ഇനം പച്ചക്കറികളും ഹര്‍ദേവ് സിംഗ് തന്‍റെ കൃഷിയിടത്തിൽ വിളയിച്ചെടുക്കുന്നുണ്ട്.
മഞ്ഞയും പര്‍പ്പിള്‍ നിറത്തിലുമുള്ള കാബേജുകള്‍ തന്‍റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയാണ് കൃഷി ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അതേ സമയം ഭാവിയില്‍ കൂടുതല്‍ കൃഷി ചെയ്ത് അവ വിപണിയിലെത്തിക്കുവാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. സ്‌ട്രോബറികളുടെ ചിത്രങ്ങള്‍ കൊണ്ട് ഫാമിന്‍റെ ചുവരുകൾ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ചുവപ്പിന്‍റെ പരവതാനി തീർത്ത് മനോഹരമായി കാഴ്ചയാണ് ഹര്‍ദേവ് സിംഗിന്‍റെ സ്‌ട്രോബറി ഫാം നല്‍കുന്നത്.