ന്യൂഡല്‍ഹി: വനിത ഐഎഎസ് ഉദ്യോഗസ്ഥയെ പിന്തുടര്‍ന്ന് ശല്യം ചെയ്‌ത സംഭവത്തില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഐഎഎസ് ഉദ്യോഗസ്ഥയെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്‌തതിന് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനായ സൊഹൈല്‍ മാലിക്കിനെതിരെയാണ് പാര്‍ലമെന്‍റ് സ്‌ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അതേസമയം ഐഎഎസ് ഉദ്യോഗസ്ഥയെ കുറ്റാരോപിതനായ സൊഹൈല്‍ മാലിക് പരിചയപ്പെടുന്നത് കൊവിഡ് മഹാമാരിക്കിടെ ഇരുവര്‍ക്കും ഒരേ സ്ഥലത്ത് പോസ്‌റ്റിങ് ലഭിച്ച സമയത്താണ്. പീഡനശ്രമം, പിന്തുടരല്‍ എന്നീ വകുപ്പുകളാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് വനിത ഐഎഎസ് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നതിങ്ങനെ: മൂന്ന് വര്‍ഷത്തോളമായി പ്രതി തന്നെ ശല്യം ചെയ്‌തുവരികയാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വേളയില്‍ തങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരേ സ്ഥലത്തായിരുന്നു പോസ്‌റ്റിങ് ലഭിച്ചിരുന്നത്. ഈ സമയം മുതല്‍ ഇയാള്‍ തന്നെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും തന്നെ കാണണമെന്ന് സമ്മര്‍ദം ചെലുത്തുകയും ചെയ്യുകയാണ്. താന്‍ പലതവണ താക്കീത് നല്‍കിയിരുന്നുവെങ്കിലും ഇയാള്‍ അത് കേട്ടഭാവം നടിക്കാതെ ശല്യം തുടരുകയായിരുന്നുവെന്നും യുവതി അറിയിച്ചു. പ്രതിയുടെ ശല്യപ്പെടുത്തലും വേട്ടയാടലും കാരണം തനിക്ക് ഏകാഗ്രത നഷ്‌ടപ്പെട്ടുവെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. നിലവില്‍ കേന്ദ്ര മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന വനിത ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനാണ്.
മുമ്പ് ഐഎഎസ്-ഐപിഎസ് പോര്: അടുത്തിടെ കര്‍ണാടകയില്‍ വനിത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്യമായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരെയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹിന്ദു മത സ്വത്തവകാശ കമ്മിഷണറായ രോഹിണി സിന്ധൂരി ഐഎഎസും കരകൗശല വികസന കോര്‍പ്പറേഷന്‍ ഐജി ഡി. രൂപ മൗഡ്‌ഗിലുമായുള്ള അതിരുകടന്നുള്ള വാഗ്വാദം സര്‍ക്കാരിനും ഏറെ തലവേദന സൃഷ്‌ടിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഈ വാക്‌പോര് അതിരുകടന്നതോടെയാണ് സര്‍ക്കാര്‍ സ്ഥലംമാറ്റ നടപടിയ്‌ക്ക് മുതിര്‍ന്നത്. മാത്രമല്ല സര്‍വിസിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ രൂപ മൗഡ്‌ഗില്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് ഐഎഎസ് - ഐപിഎസ് തമ്മിലടിക്ക് തുടക്കമാവുന്നത്. 2021ലും 2022 ലുമായി ചില വനിത ഓഫിസർമാരുമായി പങ്കിട്ടുവെന്ന് പറയപ്പെടുന്ന സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് രൂപ മൗഡ്‌ഗില്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ ചില ഉന്നത പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും രോഹിണി അയച്ചിട്ടുണ്ടെന്നും ചിത്രങ്ങൾ പങ്കുവച്ചതിലൂടെ സര്‍വീസ് നിയമങ്ങൾ ലംഘിച്ചുവെന്നും രൂപ ആരോപണമുയര്‍ത്തിയിരുന്നു.