ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികാഘോഷത്തിന്‍റ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിന്‍റെ കീഴില്‍ 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന് ഇന്ന് തുടക്കമായി. രാജ്യത്തിന്‍റെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിനായി ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. ഇതിന്‍റെ മുന്നോടിയായി തുറസായ സ്ഥലങ്ങളിലും, വീടുകളിലും, കെട്ടിടങ്ങളിലും രാപ്പകല്‍ ഭേദമില്ലാതെ ത്രിവർണ പതാക പ്രദർശിപ്പിക്കാൻ അനുവദിക്കുന്നതിനായി രാജ്യത്തെ ഫ്‌ളാഗ് കോഡിൽ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു.
എല്ലായിടത്തുമുള്ള ഇന്ത്യക്കാരെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ പ്രചോദിപ്പിക്കുന്നതാണ് കാമ്പയിൻ. ദേശീയ പതാകയുമായുള്ള ബന്ധം ഔപചാരികമോ സ്ഥാപനപരമോ ആയി നിലനിർത്തുക എന്നതിലുപരി കൂടുതൽ ഊട്ടിയുറപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനായി പരുത്തി, കമ്പിളി, പട്ട്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടും മെഷീന്‍ കൊണ്ടും നൂല്‍ക്കുന്ന പതാകകള്‍ക്ക് പുറമെ പോളിസ്‌റ്റര്‍ ഉപയോഗിക്കാനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബറിൽ ഫ്‌ളാഗ് കോഡിൽ ഭേദഗതി നടത്തിയിരുന്നു.
ജനഹൃദയങ്ങളില്‍ ദേശസ്‌നേഹം ഉയർത്തുകയും ത്രിവർണപതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് കാമ്പയിനിന്‍റെ ലക്ഷം. മുമ്പ്, തെരഞ്ഞെടുക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ അവസരങ്ങളിലല്ലാതെ ഇന്ത്യൻ പൗരന്മാർക്ക് ദേശീയ പതാക ഉയർത്താൻ അനുവാദമില്ലായിരുന്നു. സ്വാതന്ത്ര്യദിനത്തിലും, പ്രത്യേക ദിനങ്ങളിലും ഇത്തരത്തില്‍ ഉയര്‍ത്തുന്ന പതാക വൈകുന്നേരം അഞ്ച് മണിക്ക് ശേഷം താഴ്ത്തണമെന്നതും നിര്‍ദേശമുണ്ട്. എന്നാല്‍, വ്യവസായിയായ നവീൻ ജിൻഡാൽ നടത്തിയ പതറ്റാണ്ടുകളുടെ നിയമപോരാട്ടമാണ് ഇതിന് മാറ്റം കൊണ്ടുവരുന്നത്.
പിന്നീട് ജിൻഡാലിന്‍റെ പരിശ്രമഫലമായാണ് ദേശീയ പതാക സ്വതന്ത്രമായി ആദരവോടെയും അന്തസോടെയും ഉയര്‍ത്തുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച് സുപ്രിംകോടതി 2004 ജനുവരി 23ല്‍ സുപ്രധാനമായ വിധിന്യായം പുറപ്പെടുവിക്കുന്നത്. ഹർ ഘർ തിരംഗ കാംപയിനുമായെത്തിയ കേന്ദ്രത്തെയും പ്രധാനമന്ത്രി മോദിയേയും അഭിനന്ദിച്ച നവീൻ ജിൻഡാൽ 'ഹര്‍ ദിന്‍ തിരംഗ' ഓരോ ഇന്ത്യക്കാരന്‍റെയും മുദ്രാവാക്യമാക്കാനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഓഗസ്‌റ്റ് രണ്ട് മുതല്‍ ഓഗസ്‌റ്റ് 15 വരെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരോട് അഭ്യർഥിച്ചിരുന്നു. ഇന്ത്യൻ ദേശീയ പതാകയിൽ മൂന്ന് നിറങ്ങൾ മാത്രമല്ല ഉള്ളത്. അത് നമ്മുടെ ഭൂതകാലത്തിന്റെ അഭിമാനവും, വർത്തമാനകാലത്തെ പ്രതിബദ്ധതയും, ഭാവിയിലെ നമ്മുടെ സ്വപ്നങ്ങളുടെ പ്രതിഫലനവുമാണെന്ന് സൂറത്തിൽ തിരംഗ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ജനതയുടെ സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കപ്പെടുന്നതിനും, സ്മരിക്കുന്നതിനുമായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവും ഭാരത സര്‍ക്കാരിന്‍റെ മഹത്തരമായ ഒരു സംരംഭമാണ്.