ബോളിവുഡിന്‍റെ സ്വപ്‌ന നായികയാണ് അന്നും ഇന്നും എന്നും രേഖ. ബോളിവുഡിന്‍റെ 'ഐസ് ക്വീൻ' എന്നും അറിയപ്പെടുന്ന രേഖയ്‌ക്ക് ഇന്ന് 69-ാം പിറന്നാളാണ് (Rekha Birthday). ഈ പ്രായത്തിലും ട്രെൻഡ് സെറ്റർ ആയി തുടരാൻ രേഖയ്‌ക്ക് കഴിയുന്നു.
ബാലതാരമായാണ് രേഖയുടെ സിനിമാലോകത്തേക്കുള്ള വരവ്. ഒട്ടും എളുപ്പമായിരുന്നില്ല ബോളിവുഡിന്‍റെ താരറാണി പട്ടത്തിലേക്കുള്ള രേഖ എന്ന ബാനുരേഖ ഗണേശന്‍റെ യാത്ര. ഭാഷ ഉൾപ്പടെ പലതും വെല്ലുവിളിയായി മുന്നിൽ എത്തിയെങ്കിലും അവയെല്ലാം അതിജീവിക്കാൻ അവർക്കായി. സൗന്ദര്യം മാത്രമല്ല വേറിട്ട അഭിനയപാടവവും രേഖയുടെ കൈമുതലാണ്.
വിഖ്യാത നടൻ ജെമിനി ഗണേശന്‍റെയും നടി പുഷ്‌പവല്ലിയുടെയും മകളായ രേഖ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് വളർന്നത്. പിന്നീട് ബോളിവുഡിനെ അടക്കിവാണ സൂപ്പർ നായികയിലേക്ക്. എണ്ണമറ്റ ചിത്രങ്ങളിലെ അസാമാന്യ പ്രകടനത്തിന് അംഗീകാരങ്ങൾ തേടിയെത്തിയത് പലതവണ.
പല ഐതിഹാസിക ഓൺ - സ്‌ക്രീൻ ജോഡികൾക്കും അവരുടെ രസകരമായ കെമിസ്‌ട്രിക്കും കാലാതീതമായി സാക്ഷ്യം വഹിക്കാറുണ്ട് ബോളിവുഡ്. എന്നാൽ പ്രേക്ഷകരിൽ എക്കാലവും മായാത്ത മുദ്രകൾ അവശേഷിപ്പിക്കുന്നവർ വിരളമായിരിക്കും. അത്തരത്തിൽ സിനിമാപ്രേമികളുടെ ഏറെ പ്രിയപ്പെട്ട ജോഡി ആയിരുന്നു രേഖയും സാക്ഷാൽ അമിതാഭ് ബച്ചനും. ഇവരുടെ കെമിസ്‌ട്രിയും ആരെയും ആകർഷിക്കുന്ന പ്രകടനവും തന്നെയാണ് ഇരുവരെയും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച ജോഡികളിലൊന്നാക്കി മാറ്റിയത് (Iconic on-screen couple Rekha and Amitabh Bachchan).
ഓൺ - സ്‌ക്രീനിൽ രേഖ- ബച്ചൻ കൂട്ടുകെട്ടിന്‍റെ 'മാജിക്' ആഘോഷമാക്കിയ, അവരുടെ ഏറ്റവും അവിസ്‌മരണീയമായ ചില സിനിമകളിലൂടെ നമുക്ക് ഒരുമിച്ച് ഒരു യാത്ര നടത്താം (Rekha Birthday Special Revisiting her movies with Amitabh Bachchan).
- ദോ അഞ്ജാനെ (Do Anjaane - 1976)
രേഖ - അമിതാഭ് ജോഡിയ്‌ക്ക് തുടക്കം കുറിച്ച ചിത്രമാണ് 'ദോ അഞ്ജാനെ'. ദുലാൽ ഗുഹ (Dulal Guha) സംവിധാനം ചെയ്‌ത ഈ ചിത്രം ദമ്പതികൾക്കിടയിലെ തെറ്റിദ്ധാരണകളുടെയും അവർ നേരിടുന്ന ജീവിത പരീക്ഷണങ്ങളുടെയും കഥയാണ് പറയുന്നത്. രേഖയുടെയും അമിതാഭിന്‍റെയും അസാധാരണമായ രസതന്ത്രത്തെ അടിവരയിട്ട ഈ ചിത്രം വരും കാലങ്ങളിലും വെള്ളിത്തിരയിൽ ഇരുവരും അത്ഭുതം വിരിയിക്കുമെന്ന സൂചനയും പ്രേക്ഷകർക്ക് നൽകിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
- മുഖദ്ദർ കാ സിക്കന്ദർ (Muqaddar Ka Sikandar - 1978)
പ്രകാശ് മെഹ്‌റയുടെ (Prakash Mehra) സംവിധാനത്തിൽ 1978ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മുഖദ്ദർ കാ സിക്കന്ദർ'. ത്രികോണ പ്രണയകഥ പ്രമേയമാക്കിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്‌ചവച്ചത്. അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ സിനിമകളിൽ ഒന്ന് കൂടിയാണ് 'മുഖദ്ദർ കാ സിക്കന്ദർ'. സെക്‌സ് വർക്കർ ആയാണ് രേഖ ഈ ചിത്രത്തിൽ വേഷമിട്ടത്. സിക്കന്ദർ എന്ന ടൈറ്റിൽ കഥാപാത്രത്തിന് അമിതാഭ് ബച്ചൻ ജീവൻ നൽകി.
- " class="align-text-top noRightClick twitterSection" data="">
- ഗംഗ കി സൗഗന്ധ് (Ganga Ki Saugandh - 1978)
1978ൽ സുൽത്താൻ അഹമ്മദിന്‍റെ (Sultan Ahmed) സംവിധാനത്തിൽ റിലീസായ ചിത്രമാണ് 'ഗംഗ കി സൗഗന്ധ്'. ആക്ഷൻ-പാക്ക് ഡ്രാമയായി പ്രേക്ഷകമനം കീഴടക്കിയ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് രേഖയും ബിഗ് ബിയും കാഴ്‌ചവച്ചത്. പ്രതികാര ദാഹിയായ നായകനെ ബച്ചൻ കൈയ്യടക്കത്തോടെ അവതരിപ്പിച്ചപ്പോൾ പ്രക്ഷുബ്‌ധതയുടെ ചുഴിയിൽ അകപ്പെട്ട നായികയുടെ വേഷം രേഖയുടെ കൈകളിൽ ഭദ്രമായിരുന്നു.
ഇരുവരുടെയും തീവ്രമായ പ്രകടനങ്ങൾ കഥാസന്ദർഭത്തിന് ആഴം കൂട്ടിയെന്നതിൽ തർക്കമില്ല. രേഖ - ബച്ചൻ കൂട്ടുകെട്ടിലെ അവിസ്‌മരണീയ അധ്യായമായാണ് 'ഗംഗ കി സൗഗന്ധ്' കണക്കാക്കപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
- സിൽസില (Silsila - 1981)
ഒരുപക്ഷേ രേഖ - അമിതാഭ് ജോഡിയുടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട, മറ്റൊരു തരത്തിൽ പല വിവാദങ്ങൾക്കും വഴിവച്ച ചിത്രമാണ് 1981ൽ പുറത്തിറങ്ങിയ 'സിൽസില'. വിവാഹേതര ബന്ധത്തിലുള്ള കഥാപാത്രങ്ങളായാണ് ഇവർ 'സിൽസില'യിൽ അഭിനയിച്ചത്. അവരുടെ യഥാർഥ ജീവിതത്തെ കുറിച്ചുള്ള കിംവദന്തികൾക്ക് ശക്തി പകരുന്നതായി യാഷ് ചോപ്രയുടെ (Yash Chopra) ഈ ചിത്രം.
ഒപ്പം ഓൺ സ്‌ക്രീനിലെ ഇരുവരുടെയും വൈകാരിക പ്രകടനങ്ങളും അത്തരം ആഖ്യാനങ്ങൾ കൂടുതൽ സങ്കീർണമാക്കി. പ്രേക്ഷകരിൽ മായാത്ത സ്വാധീനം ചെലുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ 'സിൽസില'യ്‌ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
- " class="align-text-top noRightClick twitterSection" data="">
- മിസ്റ്റർ നട്‌വർലാൽ (Mr. Natwarlal - 1979)
രാകേഷ് കുമാർ (Rakesh Kumar) സംവിധാനം ചെയ്‌ത, 1979ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മിസ്റ്റർ നട്‌വർലാൽ'. കോമഡിയും ഡ്രാമയും ഏറെ രസകരമായി സംയോജിപ്പിച്ച ഈ ചിത്രം മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. അമിതാഭ് ബച്ചനൊപ്പം രേഖയും സുപ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
വ്യത്യസ്‌തമായ കഥാപശ്‌ചാത്തലം സിനിമ പിന്തുർന്നപ്പോഴും അവരുടെ കെമിസ്‌ട്രി ഹൈലൈറ്റ് ആയി തുടർന്നു.
- സുഹാഗ് (Suhaag - 1979)
മൻമോഹൻ ദേശായ് (Manmohan Desai) സംവിധാനം ചെയ്‌ത ത്രില്ലിംഗ് ആക്ഷൻ സിനിമ ആയിരുന്നു 'സുഹാഗ്'. 1979ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്.അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പ്രണയിനിയുടെ വേഷമായിരുന്നു രേഖയ്‌ക്ക്. വലിയ വാണിജ്യ വിജയം നേടിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനവും കെമിസ്‌ട്രിയും എടുത്തുപറയേണ്ടതാണ്.
രേഖയുടെയും അമിതാഭ് ബച്ചന്‍റെയും ഓൺ-സ്‌ക്രീൻ കൂട്ടുകെട്ട് ഹിന്ദി സിനിമയ്‌ക്ക് നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. ബോളിവുഡ് സിനിമ ചരിത്രത്തിന്‍റെ പുസ്‌തകത്താളുകളിൽ ഏറ്റവും മനോഹരമായ അധ്യായങ്ങൾ എഴുതി ചേർക്കാൻ ഇവർക്കായി. തലമുറകൾ താണ്ടി, പ്രേക്ഷകരിൽ ഇന്നും പ്രണയത്തിന്‍റെയും ഗൃഹാതുരത്വത്തിന്‍റെയും മൊട്ടുകൾ വിരിയിക്കാൻ ഈ ഗോൾഡൻ ജോഡിക്ക് കഴിയുന്നു. ഒരിക്കൽ കൂടി ഇരുവരുടെയും ഓൺ സ്‌ക്രീൻ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാൻ കൊതിയോടെ ഇന്നും കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്.