കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ കൗമാരക്കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മമത ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഹര്‍ജി. അഭിഭാഷകൻ സബ്യസാചി ചാതോപാധ്യായയാണ് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്‌തവയ്ക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. തിങ്കളാഴ്ച നടന്ന മിലോൺ മേളയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്‌താവന.
'14 വയസുകാരി കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് മരിച്ചെന്ന് അവര്‍ പറയുന്ന കഥയെ നിങ്ങള്‍ ബലാത്സംഗം എന്ന് വിളിക്കുമോ?, അവള്‍ ഗര്‍ഭിണിയായിരുന്നോ, അവള്‍ക്ക് പ്രണയബന്ധമുണ്ടായിരുന്നോ?, നിങ്ങൾ അക്കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ?' - ഇങ്ങനെയായിരുന്നു മമതയുടെ വിവാദ പരാമര്‍ശം.
മമതയുടെ അധിക്ഷേപം ഇരയ്‌ക്ക് നീതി ലഭിക്കുന്നതിന് തടസമായേക്കാമെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ഉന്നയിച്ചു. കേസ് ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയും ഫയലില്‍ സ്വീകരിക്കുകയും ചെയ്‌തു. നാദിയ ജില്ലയിലെ ഹൻസ്‌ഖാലിയിലാണ് സംഭവം. 11-ാം ക്ലാസ് വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ഏപ്രില്‍ അഞ്ചിന് ഒരു ജന്മദിന പാർട്ടിക്കിടെയാണ് കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. 10-ാം തിയതിയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തിരുന്നു.
തൃണമൂല്‍ നേതാവിന്‍റെ അറസ്റ്റിനെ തുടര്‍ന്നാണ് മമത ബാനര്‍ജിയുടെ അധിക്ഷേപ പരാമര്‍ശം. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.