ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവതലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
സയീദിനെതിരായ മൂന്ന് കേസുകളുടെ വിധി ഇതിനകം തന്നെ പ്രഖ്യാപിച്ചിരുന്നു. സമാനമായ നാല് കേസുകളിൽ എഴുപതുകാരനായ ഇയാൾക്ക് നേരത്തെ കോടതി 21 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇതോടെ ഹാഫിസ് സയീദ് 36 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടതായി വരും. സയിദിനെ കൂടാതെ സമാന കേസുകളിൽ ഹാഫിസ് അബ്‌ദുൾ സലാം, സഫർ ഇക്ബാൽ, മുഹമ്മദ് അഷ്‌റഫ്, യഹ്യാ മുജാഹിദ് എന്നിവർക്ക് 15 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. ജയിൽ ശിക്ഷക്ക് പുറമെ ശിക്ഷിക്കപ്പെട്ട എല്ലാവർക്കും 200,000 പി.കെ.ആർ (പാകിസ്ഥാൻ റുപെയ്) വീതം പിഴയും നൽകേണ്ടിവരും
ലഷ്‌കർ-ഇ-ത്വയിബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് മുഹമ്മദ് സയീദ് പാക്കിസ്ഥാനിലെ ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ്. 2008-ൽ, 164 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഇയാളുടെ തലക്ക് അമേരിക്ക 10 മില്യൺ യു.എസ് ഡോളർ വില പ്രഖ്യാപിച്ചിട്ടുണ്ട്.