ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ അവശനിലയിലായി. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗ്വാളിയോര്‍ ജില്ലയിലെ ചന്ദുപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരായ പ്രദീപ് അഹിവാര്‍, വിജയ് കേശവ് എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഒരാള്‍ മരിച്ചത്. രണ്ടാമത്തെയാള്‍ ബുധനാഴ്‌ച വൈകുന്നേരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മദ്യം കഴിച്ചതിന് ശേഷം അവശ നിലയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഒരാളായ കേശവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കാത്ത കുടുംബം അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അമിത് സംഘി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെങ്കില്‍ വ്യാജമദ്യം കഴിച്ചിരുന്നുവോയെന്ന് സ്ഥിരീകരിക്കാമായിരുന്നുവെന്നും അമിത് സംഘി കൂട്ടിച്ചേര്‍ത്തു.
ഹോളി ദിനത്തില്‍ ഗ്രാമത്തില്‍ കുറച്ച് യുവാക്കള്‍ മദ്യം കൊണ്ടു വന്നിരുന്നതായി ചന്ദുപുര ജന്‍പഥ് മുന്‍ അംഗം ചൗധരി ജബാര്‍ സിങ് പറഞ്ഞു. മദ്യം കഴിച്ചവരില്‍ രണ്ട് പേരുടെ കാഴ്‌ച മങ്ങിയിട്ടുണ്ട്. ചന്ദുപുര ഗ്രാമത്തില്‍ ആറ് പേര്‍ വ്യാജമദ്യം കഴിച്ചുണ്ടെന്ന് ഇരകളിലൊരാളായ കാഴ്‌ചയ്‌ക്ക് മങ്ങലേറ്റ ടിങ്കു രാജക് പറഞ്ഞു. വ്യാജമദ്യം കഴിച്ചവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ 36 പേര്‍ വ്യാജമദ്യം കഴിച്ചു മരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.