റോഹ്തക്ക് (ഹരിയാന) : ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 40 ദിവസത്തെ പരോൾ അനുവദിച്ചതായി പൊലീസ്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുകയാണ് ഗുർമീത് റാം റഹീം. 40 ദിവസത്തെ പരോൾ പൂർത്തിയായി രണ്ട് മാസത്തിനുള്ളിലാണ് വീണ്ടും പരോൾ അനുവദിച്ചത്.
നേരത്തെ 2022 ഒക്‌ടോബറിൽ ഇയാൾ 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരുന്നു. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ശനിയാഴ്‌ചതന്നെ പരോളിൽ വിടാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. പരോൾ സമയത്ത് എവിടെ തങ്ങണമെന്ന് കോടതിയും കമ്മിഷണറും തീരുമാനിച്ച് നിര്‍ദേശിക്കും.
റാം റഹീമിന് വേണ്ടി ഒരു മാസത്തെ പരോൾ ആവശ്യപ്പെട്ട് കുടുംബം ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് രണ്ടാം തവണയാണ് പരിപാടിയിൽ പങ്കെടുക്കാൻ റാം റഹീം 40 ദിവസത്തെ പരോൾ ആവശ്യപ്പെടുന്നത്.
നല്ല പെരുമാറ്റം കണക്കിലെടുത്ത് ഒരു പ്രത്യേക ആവശ്യത്തിന് താത്കാലികമായി തടവുകാരനെ മോചിപ്പിക്കുന്നതാണ് പരോൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. ചട്ടപ്രകാരമാണ് ഗുർമീത് റാം റഹീമിന് പരോൾ അനുവദിയ്‌ക്കുന്നതെന്നാണ് അധികൃതരുടെ വാദം.
ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്‌തതിനും ദേര സച്ച സൗദയിൽ സെക്ഷൻ മാനേജർ ആയിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയതിനുമാണ് ഇയാളെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതി : 2017ലാണ് ഇയാൾ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. രഞ്ജിത് സിങ്ങിനെ ഗുർമീത് സിങ്ങും കൂട്ടാളികളും ചേർന്ന് ഹരിയാന - കുരുക്ഷേത്രയിലെ ഖാൻപൂർ കോലിയൻ ഗ്രാമത്തിൽ വച്ച് 2002 ജൂലൈ 10നാണ് വെടിവച്ച് കൊലപ്പെടുത്തിയത്. 19 വർഷത്തിന് ശേഷം 2022ലാണ് കേസില്‍ വിധിവരുന്നത്.
ഗുര്‍മീത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിനുപിന്നില്‍ രഞ്ജിത് ആണെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.