തുനി (ആന്ധ്രാപ്രദേശ്) : അയല്‍വാസിയുടെ കൈയിലിരുന്ന് നാടന്‍ തോക്ക് അബദ്ധത്തില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കാക്കിനഡ ജില്ലയിലെ തുനി മണ്ഡലത്തിലെ ലോവക്കോട്ടൂർ ഗ്രാമത്തില്‍ ചൊവ്വാഴ്‌ച (15.08.2023) പകലാണ് സംഭവം. അപകടത്തില്‍ പ്രദേശവാസികളായ പലിവേല രാജുവിന്‍റെയും നാഗമണിയുടെയും മൂത്തമകള്‍ ധന്യശ്രീ (4) ആണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ : ധന്യശ്രീ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത് തങ്ങളുടെ രണ്ട് പെണ്‍മക്കളുടെയും കളിയും സംസാരവും കേട്ട് മാതാപിതാക്കളായ രാജുവും നാഗമണിയും സമീപത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ധന്യശ്രീ കുഴഞ്ഞുവീണു. എന്താണെന്നറിയാന്‍ മാതാപിതാക്കള്‍ അടുത്തേക്ക് ഓടിയെത്തി. കുട്ടിയെ വാരിയെടുത്തപ്പോള്‍ കൈകളില്‍ ചോരയായതോടെ ഇവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തും മുമ്പേ കുഞ്ഞിന്‍റെ മരണം സംഭവിച്ചതായും വെടിയുണ്ടയേറ്റതാണ് മരണകാരണമെന്നും കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. ഇവര്‍ വിവരമറിയിച്ചതോടെ റൂറല്‍ എസ്‌പി സന്യാസി റാവു, എസ്‌ഐ വിജയ ബാബു എന്നിവര്‍ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കൈയ്യബദ്ധമെടുത്ത ജീവന്‍: ഇങ്ങനെയാണ് അയല്‍വാസിയായ സിദ്ധന്‍പു ദുര്‍ഗപ്രസാദിന്‍റെ തോക്കില്‍ നിന്ന് വെടിയേറ്റാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് മനസിലാക്കുന്നത്. ഇയാളെ ചോദ്യം ചെയ്‌തതോടെ കൃഷിയിടത്തിലെത്തുന്ന പന്നിയെ വെടിവയ്‌ക്കാന്‍ തോക്കില്‍ വെടിമരുന്ന് നിറയ്‌ക്കുകയായിരുന്നുവെന്നും, ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നും മനസിലായി. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു.
തോക്ക് തട്ടിയെടുത്ത് ഓടി: അടുത്തിടെ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എസ്‌ഐയുടെ കൈവശമുള്ള ലോഡ് ചെയ്‌ത സര്‍വീസ് തോക്ക് തട്ടിയെടുത്ത ശേഷം കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്‌ടാവ് കജ്ജപ്പ ഗെയിക്‌വാദ് കടന്നുകളഞ്ഞിരുന്നു. കര്‍ണാടകയിലെ അഫ്‌സല്‍പൂര്‍ താലൂക്കില്‍ 16.07.2023 വൈകുന്നേരത്തോടെയായിരുന്നു സംഭവം അരങ്ങേറിയത്. മോഷണക്കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് സംഘം എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു ചെറു കെട്ടിടത്തിന് മുകളില്‍ പ്രതിയെ കണ്ടെത്തിയ പൊലീസ്, ഇയാളുടെ കൈവശമുള്ള തോക്ക് വീണ്ടെടുത്ത ശേഷം അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. പിന്നീട് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഏകദേശം 20 ഓളം മോഷണക്കേസുകളാണ് കജ്ജപ്പ ഗെയിക്‌വാദിനെതിരെ അന്നുവരെ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ ബെംഗളൂരുവില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. ഈ സമയം ഇയാള്‍ സോന്ന ഗ്രാമത്തിന് സമീപം ഒരു കാറില്‍ ഇരിക്കുകയായിരുന്നു. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഇതോടെ എസ്‌ഐ തന്‍റെ കൈയ്യിലുള്ള റിവോള്‍വര്‍ ഉപയോഗിച്ച് കാറിന്‍റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ റിവോള്‍വര്‍ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. ബുള്ളറ്റ് ലോഡ് ചെയ്‌ത തോക്കുമായി ഇയാള്‍ കടന്നുകളഞ്ഞതോടെ പൊലീസ് അങ്കലാപ്പിലായി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.