പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം; ഗുജറാത്ത് സ്വദേശിയെ അറസ്‌റ്റ് ചെയ്‌ത് പൊലീസ് - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ജമ്മു കശ്‌മീരീലെ ഒരു ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ താമസമാക്കിയ അഹമ്മദാബാദ് സ്വദേശി കിരണ്‍ പട്ടേലിനെ അറസ്‌റ്റ് ചെയ്‌ത് ഒരു മാസത്തിന് ശേഷമാണ് മായങ്ക് തിവാരിയുടെ അറസ്‌റ്റ്
വഡോദര: പിഎംഒ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഒരു സ്വകാര്യ സ്‌കൂളില്‍ രണ്ട് കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിനായി വന്‍ തുക തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ഗുജറാത്തിലെ വഡോദര സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മായങ്ക് തിവാരി എന്ന വ്യക്തിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ജമ്മു കശ്‌മീരീലെ ഒരു ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ താമസമാക്കിയ അഹമ്മദാബാദ് സ്വദേശി കിരണ്‍ പട്ടേലിനെ അറസ്‌റ്റ് ചെയ്‌ത് ഒരു മാസത്തിന് ശേഷമാണ് മായങ്ക് തിവാരിയുടെ അറസ്‌റ്റ്.
സ്‌കൂള്‍ അധികൃതരെയും ട്രസ്‌റ്റിയെയും കബളിപ്പിച്ച് പ്രതി: താമസ സൗകര്യങ്ങള്‍ക്ക് പുറമെ കനത്ത സുരക്ഷയും കിരണ്‍ പട്ടേലിന് ഹോട്ടലില്‍ നിന്നും ലഭിച്ചിരുന്നു. 2022 മാര്‍ച്ച് മാസം സ്‌കൂള്‍ അഡ്‌മിഷന്‍ സമയത്തായിരുന്നു നിലവില്‍ പിടിയിലായ മായങ്ക് തിവാരി ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഡയറക്‌ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും സ്‌കൂള്‍ അധികൃതരുമായും ട്രസ്‌റ്റിയുമായും ബന്ധം പുലര്‍ത്തുകയും ചെയ്‌തിരുന്നത്. മിര്‍സ ബെയ്‌ഗിലുള്ള തന്‍റെ കുടുംബ സുഹൃത്തായ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് പൂനെയില്‍ നിന്നും വഡോദരയിലേക്ക് സ്ഥലം മാറ്റം ലഭിച്ചുവെന്നും ഇയാളുടെ രണ്ട് മക്കള്‍ക്ക് അഡ്‌മിഷന്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് തിവാരി സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നു.
പിഎംഒ ഓഫിസിലെ ഉദ്യോഗസ്ഥനെന്ന് സ്വയം ചിത്രീകരിച്ചുകൊണ്ട് തിവാരിയുടെ വാട്‌സ്‌ആപ്പില്‍ സ്‌റ്റാറ്റസും അപ്‌ലോഡ് ചെയ്‌തിരുന്നു. തന്‍റെ ആവശ്യവുമായി സ്‌കൂളിനെ സമീപിച്ചപ്പോള്‍ സ്‌കൂള്‍ ഡയറക്‌ടര്‍ വഡോദരയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ട്രസ്‌റ്റിയെ കാണാന്‍ ആവശ്യപ്പെട്ടു. ട്രസ്‌റ്റിയെ സ്വാധീനിക്കാന്‍ പിഎംഒ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് വിദ്യാഭ്യാസ ഗവേഷണ മേഖലയില്‍ സ്‌കൂളിനെ ഉള്‍പ്പെടുത്താമെന്നും അഡ്‌മിഷന് കമ്മിഷന്‍ ലഭിച്ചാല്‍ വിവിധ തരത്തിലുള്ള പ്രൊജക്‌ടുകള്‍ നല്‍കാമെന്നും ഇയാള്‍ വാഗ്‌ദാനം നല്‍കി.
വന്‍ തുക തട്ടിപ്പ് നടത്തുന്നതിനായി ഇയാള്‍ ട്രസ്‌റ്റിയെയും സ്‌കൂള്‍ ഡയറക്‌ടറെയും വഞ്ചിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. വിവിധ കേസുകളിലായി ഇയാള്‍ രണ്ട് കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നേടികൊടുത്തു. എന്നാല്‍, അല്‍പനാളുകള്‍ക്ക് ശേഷം പിഎംഒ ഉദ്യോഗസ്ഥനെന്ന തിവാരിയുടെ വാദത്തെക്കുറിച്ചും ഇയാള്‍ പരാമര്‍ശിച്ച വിദ്യാഭ്യാസ ഗവേഷണ പ്രൊജക്‌ട് റിപ്പോര്‍ട്ടുകളെ കുറിച്ചും ട്രസ്‌റ്റിക്ക് സംശയം ഉദിച്ചു.
തിവാരിയുടെ യഥാര്‍ഥ ജോലിയെക്കുറിച്ച് വ്യക്തമല്ല: ശേഷം, തങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി ട്രസ്‌റ്റി തന്‍റെ സംശയം പങ്കുവയ്‌ക്കുകയും കാര്യമായ അന്വേഷണം നടത്തുകയും ചെയ്‌തു. അന്വേഷണത്തിന് ഒടുവില്‍ തിവാരി ഒരു പിഎംഒ ഉദ്യോഗസ്ഥനല്ലെന്നും തന്‍റെ സ്വാധീനത്തെ കുറിച്ച് ഇയാള്‍ വ്യാജ വാക്കുകള്‍ പറഞ്ഞ് തങ്ങളെ കബളിപ്പിച്ചതാണെന്നും ട്രസ്‌റ്റി കണ്ടെത്തി. കൂടാതെ, ഇയാള്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് എഫ്‌ഐആര്‍ റിപ്പോർട്ടില്‍ പറയുന്നു.
സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ വഗോഡിയ പൊലീസ് തിവാരിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഐപിസിയിലെ 406(വിശ്വാസ വഞ്ചന), 420(വഞ്ചന), 170(പൊതുപ്രവര്‍ത്തകനായി ചമയുക) തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മൂന്നാം തീയതി ആയിരുന്നു കശ്‌മീര്‍ താഴ്‌വരകളില്‍ വ്യാജ രേഖ ഉപയോഗിച്ച് മൂന്നാം തവണ എത്തിയ പട്ടേലിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്‌റ്റ് ചെയ്യുന്നത്. അറസ്‌റ്റ് ചെയ്യുന്നതിന് മുമ്പായി ഇയാള്‍ക്ക് ഒരു പിഎംഒ ഉദ്യോഗസ്ഥന് ലഭിക്കേണ്ട എല്ലാ പരിഗണനയും ലഭിച്ചിരുന്നു.