അഹമ്മദാബാദ് : ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിജയ തന്ത്രങ്ങൾ മെനയാനുള്ള തത്രപ്പാടിലാണ് പ്രമുഖ രാഷ്‌ട്രീയ പാർട്ടികളെല്ലാം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. അതിനാൽ ഇത്തവണ പുതിയ സമീപനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്‌ക്കുന്നതെന്നാണ് സൂചനകൾ വ്യക്‌തമാക്കുന്നത്.
പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ മാസങ്ങൾക്ക് മുൻപേ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 500 പേരടങ്ങുന്ന സംഘവുമായാണ് പ്രശാന്ത് കിഷോർ ഗുജറാത്തിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കമലത്തിന് സമീപമുള്ള അപ്പാർട്ട്‌മെന്‍റുകളിൽ താമസിച്ച് ഈ സംഘം ഗുജറാത്ത് രാഷ്ട്രീയത്തെ കുറിച്ച് പഠനം നടത്തും. സംഘം ഇന്നലെ അഹമ്മദാബാദിൽ എത്തി പഠനം ആരംഭിച്ചിട്ടുണ്ട്.
ആം ആദ്‌മി പാർട്ടിയുടെ ശക്തമായ സാന്നിധ്യം തങ്ങളെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഗുജറാത്തിൽ ത്രികോണ മത്സരം ഉണ്ടായാൽ അത് ഭരണ കക്ഷികൾക്ക് എല്ലായ്‌പ്പോഴും നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് നിരീക്ഷകർ വ്യക്‌തമാക്കുന്നത്. അതിനാൽ ജനങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിനായി സർവേ നടത്താനാണ് വൻ സംഘത്തെ കോണ്‍ഗ്രസ് വിന്യസിച്ചത്.
പ്രശാന്ത് കിഷോർ ഇത്തരമൊരു സംഘത്തെ ഗുജറാത്തിലേക്ക് അയച്ച കാര്യം സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവും അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സംഘം കമലത്തിന് സമീപമുള്ള അപ്പാർട്ട്മെന്‍റുകൾ വാടകക്കെടുത്തിട്ടുണ്ട്. ഇവർക്ക് ആവശ്യമായ വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ ഒരു കോൺഗ്രസ് നേതാക്കളുമായും ആശയ വിനിമയം നടത്താതെയാകും സംഘം റിപ്പോർട്ടുകൾ ശേഖരിച്ച് പ്രശാന്ത് കിഷോറിന് സമർപ്പിക്കുക. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും പ്രശാന്ത് കിഷോർ ഗുജറാത്തിൽ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പദ്ധതികൾ തയ്യാറാക്കുക.