അർവല്ലി : മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടിയ യുവാവിനെ സ്റ്റേഷനില്‍ സംഘം ചേർന്ന് മർദിച്ചതിന് നാലുപേര്‍ പിടിയില്‍. ഗുജറാത്തിലെ അർവല്ലി (Arvalli) ജില്ലയിലെ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഞായറാഴ്‌ചയാണ് (ഓഗസ്റ്റ് 21) അറസ്റ്റുണ്ടായത്. സംഘത്തിലെ രണ്ടുപേര്‍ കൂടി ഇനി പിടിയിലാവാനുണ്ട്.
മോട്ടോർ ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ യുവാവ് തറയില്‍ ഇരിക്കെ, ആള്‍ക്കൂട്ടം വട്ടംകൂടിയിരുന്ന് ചോദ്യംചെയ്‌ത് മർദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവാവിനെ ആക്രമിച്ച സംഘം തന്നെയാണ് ദൃശ്യം ചിത്രീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്നും ഇതേ സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഘം ചേര്‍ന്നുള്ള ആക്രമണം, പൊലീസ് സ്റ്റേഷനിലെ നിയന്ത്രണമുള്ളിടത്ത് വീഡിയോ റെക്കോർഡ് ചെയ്യുക, തെറ്റിദ്ധാരണ പരത്താന്‍ വീഡിയോ ക്ലിപ്പ് ഉപയോഗിക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് : മോട്ടോർ ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച്, ഓഗസ്റ്റ് 19 നാണ് മര്‍ദനത്തിന് ഇരയായ ആളെ ജനക്കൂട്ടം സത്തംബ സ്റ്റേഷനിലെത്തിച്ചത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ആള്‍ക്കൂട്ടത്തിലെ ഭൂരിഭാഗം ആളുകളും മടങ്ങി. എന്നാല്‍, ആറുപേർ യുവാവിനെ അറിയാമെന്നും ഇയാൾക്ക് വെള്ളം നൽകണമെന്നും പറഞ്ഞ് അവിടെ തമ്പടിച്ചു. തുടര്‍ന്നാണ് സംഭവമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് പറഞ്ഞു.
ആറുപേരിൽ ഒരാൾ പകർത്തിയ വീഡിയോയിൽ യുവാവിന് വെള്ളം നൽകുന്നതും ഉപദ്രവിക്കുന്നതും വ്യക്തമാണ്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്‌ട്, ഗുജറാത്ത് പൊലീസ് ആക്‌ട് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.