ഗുജറാത്ത്: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രണ്‍ സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എട്ട് പ്രധാന നഗരങ്ങളില്‍ ഡിസംബര്‍ 31 വരെ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭാവ്‌നഗര്‍, ജംനഗര്‍, ജുനാഗര്‍ഹ് എന്നിവിടങ്ങളിലാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വ്യാപാര കേന്ദ്രങ്ങള്‍ക്ക് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കാം. ഭക്ഷണശാലകളില്‍ 75 ശതമാനമായി സിറ്റിങ് കപ്പാസിറ്റി കുറച്ചു. അതേസമയം വിവാഹ ചടങ്ങില്‍ 400 പേര്‍ പങ്കെടുക്കാമെന്ന കാര്യത്തില്‍ നിയന്ത്രണം വരുത്തിയിട്ടില്ല.
ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ആദ്യ ഒമിക്രണ്‍ കേസ് സ്ഥിരീകരിച്ചത്. പിന്നീട് സംസ്ഥാനത്തെ പല ജില്ലകളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 161 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.