ന്യൂഡൽഹി: ആംആദ്‌മി പാര്‍ട്ടിയ്‌ക്ക്, ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നേടാനായതില്‍ ഗുജറാത്തിലെ ജനങ്ങളോട് നന്ദി അറിയിച്ച് രാജ്യസഭ എംപി സഞ്ജയ് സിങ്. 2012 നവംബര്‍ 26ന് ഡല്‍ഹിയില്‍ സ്ഥാപിച്ച എഎപി, വെറും 10 വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. പാര്‍ട്ടി നേതാക്കൾ ഇതിനായി വളരെയധികം കഠിനാധ്വാനം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
'ഗുജറാത്തിൽ ഞങ്ങൾക്ക് 35 ലക്ഷം വോട്ടുകൾ ലഭിച്ചു. എല്ലാ നേതാക്കളും കഠിനാധ്വാനം ചെയ്യുകയും ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ബിജെപിയുടെ തട്ടകമായാണ് ഗുജറാത്തിനെ കണക്കാക്കുന്നത്. ഇങ്ങനെയിരിക്കെയാണ് 35 ലക്ഷം വോട്ടുകിട്ടിയത്' - സഞ്ജയ് സിങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നേടിയില്ല പ്രതീക്ഷിച്ച വിജയം, പക്ഷേ ആ ആഗ്രഹം നടന്നു: നിലവില്‍ ന്യൂഡല്‍ഹി, പഞ്ചാബ് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ആംആദ്‌മി പാര്‍ട്ടിയ്‌ക്ക് ഗുജറാത്തിൽ രണ്ട് സീറ്റെങ്കിലും ലഭിച്ചാൽ ദേശീയ പാർട്ടി പദവി നേടാമെന്ന നിലയിലായിരുന്നു. ഗുജറാത്തില്‍ നിന്നും ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പരിശോധിച്ചാല്‍ അഞ്ച് മണ്ഡലങ്ങളിലാണ് എഎപി മുന്നേറ്റം. ഇതോടെയാണ് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നേടിയത്.
ആം ആദ്‌മി പാർട്ടിക്ക് ഒന്‍പത് മുതൽ 21 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍, ഇത് ഏറ്റില്ലെങ്കിലും ഗുജറാത്തിലെ കന്നിപ്പയറ്റില്‍ അഞ്ച് സീറ്റ് പിടിച്ച് ദേശീയ പാര്‍ട്ടി ആയതിന്‍റെ ആശ്വാസത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ പാര്‍ട്ടി.
ALSO READ| ചരിത്രമെഴുതി ബിജെപി, ഗുജറാത്തിലേത് സർവകാല റെക്കോർഡ് : അടപടലം തകർന്ന് കോൺഗ്രസ്
2021ലെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലമാണ് ആംആദ്‌മി പാര്‍ട്ടിയ്‌ക്ക്, 'ഗുജറാത്ത് മോഹം' ഉണ്ടാക്കാന്‍ ഇടയാക്കിയത്. സൂറത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ പിടിച്ച് മുഖ്യപ്രതിപക്ഷമാവുകയായിരുന്നു എഎപി. സൂറത്ത് നല്‍കിയ ആത്മവിശ്വാത്തിന്‍റെ ബലത്തിലാണ് പാര്‍ട്ടി സംസ്ഥാനത്തുടനീളം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഗുജറാത്തില്‍ ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 157 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ എഎപിയ്‌ക്ക് പിന്നാലെ നാല് സീറ്റുകളുമായി മറ്റുള്ളവര്‍(Others) നാലാം സ്ഥാനത്തുണ്ട്.
കോണ്‍ഗ്രസ് വിജയത്തിന് തടയിട്ട് എഎപി: 2002ലെ 127 സീറ്റ് എന്ന പാർട്ടിയുടെ എക്കാലത്തെയും മികച്ച റെക്കോഡ് മറികടന്നാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം. 1985ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ 149 സീറ്റുകൾ നേടിയ കോൺഗ്രസ് പാർട്ടി സ്ഥാപിച്ച സർവകാല റെക്കോഡും ഇതോടെ ബിജെപി തകര്‍ത്തു. 1995ന് ശേഷം ഗുജറാത്തിൽ ബിജെപി ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. ഈ തെരഞ്ഞെടുപ്പ് ഫലം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന പ്രതീതി ശക്തിപ്പെടുത്തുന്നതാണ്.
പണപ്പെരുപ്പം, തൊഴിലില്ലായ്‌മ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള പ്രതിപക്ഷാക്രമണങ്ങളെ മറികടന്നുമാണ് ബിജെപിയുടെ ഇത്തവണത്തെ ഗുജറാത്ത് വിജയം. കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആം ആദ്‌മി പാർട്ടി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സാധ്യതയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ചോര്‍ത്താന്‍ പലയിടങ്ങളിലും എഎപിക്ക് സാധിച്ചു. ഇത് ചിലയിടങ്ങളില്‍ ബിജെപി വിജയത്തിന് കാരണമാവുകയും ചെയ്‌തു.