ഗാന്ധിനഗർ: മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതിയില്‍ നേരിട്ട് ഹാജരായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്' എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.
2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരമായത്. "നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി .. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു"- എന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചിരുന്നു.
വിവാദ പരാമര്‍ശത്തിന് പിന്നാലെ സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎൽഎ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തത്. രാഹുൽ മോദി വിഭാഗത്തിന്‍റെ വികാരങ്ങൾ വൃണപ്പെടുത്തി എന്നാരോപിച്ചാണ് മാനനഷ്ട കേസ് നൽകിയത്.
Also Read: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി; സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
2019 ഒക്ടോബർ 11 ന് കേസിൽ രാഹുൽ ഗാന്ധി സൂറത്ത് ജില്ലാ കോടതിയിൽ ഹാജരായി. തനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് രാഹുൽ അന്ന് വാദിച്ചിരുന്നു.