കച്ച് : ഗുജറാത്തിലെ കച്ച് കാണ്ട്‌ള തുറമുഖത്തുനിന്ന് ഏകദേശം 2500 കോടി രൂപ മൂല്യമുള്ള 250 കിലോഗ്രാം ഹെറോയിൻ പിടികൂടി. എടിഎസും ഡിആർഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അഫ്‌ഗാനിസ്ഥാനിൽ നിന്നെത്തിയ കണ്ടെയ്‌നറുകളില്‍ നിന്നാണ് ഹെറോയിൻ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപ വിലമതിക്കുന്ന 3004 കിലോ ഹെറോയിൻ പിടികൂടിയിരുന്നു. ഇവിടെ നിന്ന് അമേരിക്കൻ കഞ്ചാവ്, രക്തചന്ദനം, വിദേശ സിഗരറ്റുകൾ, പോപ്പി വിത്തുകൾ, ആയുധങ്ങള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്‌റ്റംബര്‍ 13ന് അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നിന്ന് ഇറാനിയൻ തുറമുഖമായ അബ്ബാസ് വഴി മുന്ദ്രയിലേക്ക് വരികയായിരുന്ന രണ്ട് കണ്ടെയ്‌നറുകൾ തടഞ്ഞുവച്ചിരുന്നു. കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ സെമി-പ്രോസസ്‌ഡ് ടാൽക്ക് കല്ലുകളാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ രണ്ട് കണ്ടെയ്‌നറുകളിൽ നിന്നായി 2,988 കിലോ ഹെറോയിൻ കണ്ടെടുത്തു.
അതേസമയം കച്ചിൽ മയക്കുമരുന്ന് കടത്ത് സംഭവങ്ങൾ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കച്ച് തീരത്ത് നിന്ന് നിരവധി തവണ ചരസിന്‍റെ പാക്കറ്റുകൾ അധികൃതർ പിടികൂടിയിട്ടുണ്ട്. 2020 മെയ് മുതൽ ബിഎസ്എഫും മറ്റ് ഏജൻസികളും ആകെ 1,458 ചരസ് പാക്കറ്റുകളാണ് കച്ച് തീരത്ത് നിന്ന് പിടിച്ചെടുത്തത്.