അഹമ്മദാബാദ് : ഗുജറാത്ത് മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ എഡിആർ (അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്) തിങ്കളാഴ്‌ച പുറത്തുവിട്ട കണക്കുകള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മത്സരിക്കുന്ന 1,621 സ്ഥാനാർഥികളിൽ 330 പേർക്കെതിരെ ക്രിമിനൽ കേസുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് അത്. അതായത് ഏകദേശം 20 ശതമാനം പേരും 'ക്രിമിനല്‍ സ്ഥാനാര്‍ഥികള്‍' എന്ന് ചുരുക്കം.
ഇക്കൂട്ടത്തില്‍, എഎപിയുടെ 61 സ്ഥാനാർഥികള്‍ക്കെതിരെയാണ് കേസുള്ളത്. പുറത്തുവന്ന പട്ടികയിൽ ക്രിമിനല്‍ കേസില്‍പ്പെട്ട സ്ഥാനാര്‍ഥികളാല്‍ ഒന്നാമതാണ് എഎപി. 2017ല്‍ ഇത്തരത്തില്‍ കേസുകളുള്ള സ്ഥാനാർഥികളുടെ ആകെ എണ്ണം 238 ആയിരുന്നെങ്കില്‍ ഇത്തവണ അത് 330ലെത്തിയതോടെ 92 പേരുടെ വളര്‍ച്ചയാണ് കണക്ക് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ഘട്ടങ്ങളിലെയും സ്ഥാനാർഥികളുടെ സർവേയ്ക്ക് ശേഷമാണ് എഡിആർ റിപ്പോർട്ട് പുറത്തുവിട്ടത്. കോൺഗ്രസ് - 60, സംസ്ഥാന ഭരണകക്ഷിയായ ബിജെപി - 32, എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്കെതിരായ ക്രിമിനൽ കേസുകളുടെ കണക്കിലെ നില.
ബലാത്സംഗ കേസില്‍ ഒരാള്‍, 20 പേർക്കെതിരെ വധശ്രമം : 192 സ്ഥാനാർഥികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം എന്നിങ്ങനെ നീളുന്നു കേസുകള്‍. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളിലേക്ക് മത്സരിക്കുന്ന 167 പേര്‍ക്കെതിരെയും രണ്ടാം ഘട്ടത്തിലെ 93 സീറ്റുകളിൽ മത്സരിക്കുന്ന 163 പേര്‍ക്കുമെതിരെയാണ് കേസ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായിട്ടുള്ള സ്ഥാനാർഥികളില്‍ എഎപി 43, കോൺഗ്രസ് 28, ബിജെപി 25 എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്ക് യഥാക്രമം എഎപി, കോൺഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന് 181, 179, 182 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ALSO READ| ഗുജറാത്തില്‍ 'ബദലാകാൻ' ഒവൈസിയും കൂട്ടരും; ബിജെപിയ്‌ക്കുള്ള 'എളുപ്പ പണിയോ'...
അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട ജാമ്യമില്ല വകുപ്പുകളാണ് ഇവ. ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, അഴിമതിക്കേസുകൾ എന്നിവയാണവ. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 18 സ്ഥാനാർഥികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ബലാത്സംഗ കേസില്‍ പ്രതിയായ ഒരാളാണ് ഉള്ളത്. അഞ്ചുപേർക്കെതിരെ കൊലക്കുറ്റവും 20 പേർക്കെതിരെ വധശ്രമക്കേസുമാണുള്ളത്.
സുപ്രീം കോടതി നിര്‍ദേശത്തിന് പുല്ലുവില: അഹമ്മദാബാദ് ജില്ലയിലെ ദാസ്‌ക്രോയ് സീറ്റിൽ എഎപി ടിക്കറ്റിൽ മത്സരിക്കുന്ന കിരൺ പട്ടേലിനെതിരെ കൊലക്കുറ്റത്തിനാണ് കേസ്. പത്താൻ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കിരിത് പട്ടേലിനെതിരെ വധശ്രമത്തിനും പഞ്ച്മഹൽ ജില്ലയിലെ ഷെഹ്‌റ സീറ്റിലെ ബിജെപിയുടെ ജേത ഭർവാദിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളുമാണുള്ളത്. സ്ഥാനാർഥികളെ തീരുമാനിക്കുന്ന സമയത്ത് സുപ്രീം കോടതിയുടെ നിർദേശങ്ങൾ രാഷ്‌ട്രീയ പാർട്ടികള്‍ പാലിക്കണമെന്നിരിക്കെ ഇതിന് വില കല്‍പ്പിക്കാതെയാണ് നീക്കമെന്ന് എഡിആർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും, രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനുമാണ്. വോട്ടെണ്ണല്‍ ഇതേ മാസം എട്ടിനാണ്. 182 നിയമസഭ മണ്ഡലങ്ങളിലായി മൊത്തം 4.9 കോടി വോട്ടര്‍മാരാണുള്ളത്. 3,24,420 കന്നിവോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിലെ(ഐഐഎം) ഒരു കൂട്ടം പ്രൊഫസർമാർ 1999ലാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് (എഡിആർ) തുടക്കമിട്ടത്. ആധികാരികവും വിശ്വസനീയവുമെന്ന നിലയില്‍ വളരെ പ്രാധാന്യത്തോടെ വിലയിരുത്തപ്പെടുന്നതാണ് എഡിആറിന്‍റെ റിപ്പോര്‍ട്ട്.