അഹമ്മദാബാദ്/ഡല്‍ഹി: ഗുജറാത്തിലെ സൂറത്ത് ഈസ്‌റ്റ് നിയമസഭാ മണ്ഡലത്തില്‍ ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥി കഞ്ചന്‍ ജരിവാല സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. പൊലീസിന്‍റെയും ബിജെപി പ്രവര്‍ത്തകരുടെയും അകമ്പടിയോടെ വളരെ നാടകീയമായായിരുന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കല്‍. ബിജെപി ജരിവാലയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെ കൊണ്ട് സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചതെന്ന് ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു.
കഞ്ചന്‍ ജരിവാലയേയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ചൊവ്വാഴ്‌ച മുതല്‍ കാണാനില്ലായിരുന്നുവെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി ദയനീയമായി പരാജയപ്പെടാന്‍ പോകുകയാണെന്നും ഈ സാഹചര്യത്തില്‍ വിറളിപൂണ്ട ബിജെപി തങ്ങളുടെ സ്ഥനാര്‍ഥിയെ തട്ടികൊണ്ടുപോകുന്നതിലേക്ക് വരെ തരംതാണിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിറ്റിങ് എംഎല്‍എ അരവിന്ദ് റാണയാണ് ബിജെപിയുടെ സൂറത്ത് ഈസ്‌റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടാം തീയതിയാണ്.
ബിജെപി 'ഗുണ്ട'കളുടെ അകമ്പടിയോടുമാണ് കഞ്ചന്‍ ജരിവാല റിട്ടേണിങ് ഓഫിസറുടെ മുന്നില്‍ ഹാജരായതെന്നും സമ്മര്‍ദത്താലാണ് ജരിവാല സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നും ആം ആദ്‌മി പാര്‍ട്ടിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇത്താലിയ ആരോപിച്ചു.
"ബിജെപി ഒരു സ്ഥാനാര്‍ഥിയെ തട്ടികൊണ്ടുപോകുക മാത്രമല്ല ചെയ്‌തിരിക്കുന്നത് ജനാധിപത്യത്തെ തട്ടികൊണ്ടുപോകുക കൂടിയാണ് ചെയ്‌തിരിക്കുന്നത്. ഗുരുതര സാഹചര്യമാണ് ഗുജറാത്തില്‍ നിലനില്‍ക്കുന്നത്", മനീഷ് സിസോദിയ പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം സ്വന്തം പാര്‍ട്ടി ശരിയായി കൊണ്ട് പോകുന്നതിനാണ് ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് ബിജെപി നേതാവ് നിരഞ്ചന്‍ സന്‍സ്‌മേര പറഞ്ഞു.
തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് ആംആദ്‌മി പാര്‍ട്ടി വ്യക്തമാക്കി. ജരിവാലയുടെ സ്ഥാനാര്‍ഥിത്വം അസാധുവാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ തട്ടികൊണ്ടുപോകാന്‍ ബിജെപി പദ്ധതിയിട്ടത്. സമ്മര്‍ദത്താലാണ് ജരിവാല സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് എന്നതിന് തെളിവാണ് വലിയ പൊലീസ് സംരക്ഷണവും ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയുമെന്നും ആംആദ്‌മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. സംഭവം തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സൂറത്ത് പൊലീസ് കമ്മിഷണര്‍ അജയി തോമര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.