അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത് 59.19 ശതമാനം പോളിങ്. 65.84 ശതമാനം പോളിങ് രേഖപ്പെടുത്തിയ സബർകാന്ത ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയാത് അഹമ്മദാബാദിലാണ്. 53.84 ശതമാനം പോളിങാണ് അഹമ്മദാബാദില്‍ രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയത് അവസാന ഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗാധ്വി, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ എന്നിവരും ഇന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ ക്യൂ തുടരുന്നതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കുമെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ 69.99 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിന് നടന്ന ആദ്യഘട്ടത്തില്‍ 63.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ വടക്കന്‍ മധ്യമേഖലകളിലെ 14 ജില്ലകളിലായി 93മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പാട്ടിദാര്‍ യുവനേതാവ് ഹാര്‍ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, മുന്‍ മന്ത്രി ശങ്കര്‍ ചൗധരി, കോണ്‍ഗ്രസ് എംഎല്‍എ ജെനിബെന്‍ താക്കൂര്‍, ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍, ആദിവാസി നേതാവ് അശ്വിന്‍ കോട്‌വാള്‍ എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
അഹമ്മദാബാദിലെ റാണിപിലെ നിഷാല്‍ ഹൈസ്‌കൂളിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ മാതാവ് ഹിരാബ മോദി ഗാന്ധിനഗറിലെ പോളിങ് ബൂത്തിലെത്തിയാണ് വോട്ട് ചെയ്‌തത്. അഹമ്മദാബാദിലെ നാരൻപുരയിലെ മുനിസിപ്പൽ കേന്ദ്രത്തിലാണ് കേന്ദ്രമന്ത്രി അമിത് ഷാ വോട്ടിനെത്തിയത്.
14,975 പോളിങ് സ്‌റ്റേഷനുകളിലായി രാവിലെ 8 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ 41 ബാലറ്റ് യൂണിറ്റുകളും 40 കൺട്രോൾ യൂണിറ്റുകളും 109 വിവിപിഎടികളും (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയല്‍) തകരാറിലായതോടെ ഇവയെല്ലാം മാറ്റി സ്ഥാപിച്ചാണ് വോട്ടെടുപ്പ് പുനസ്ഥാപിച്ചത്. പഞ്ച്‌മഹലിലെ കലോലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രഭാത്‌സിൻ ചൗഹാന്‍ വോട്ടെടുപ്പിനിടെ അജ്ഞാതന്‍റെ ആക്രമണത്തിനിരയായി. ചൗഹാന്‍റെ വാഹനം അജ്ഞാതന്‍ അടിച്ച് തകര്‍ത്തു.
'തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ മടിയിലാണെന്ന്' സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ ആരോപിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചയിടങ്ങളിലെല്ലാം വോട്ടിങ് നടന്നത് മന്ദഗതിയിലായിരുന്നെന്നും തങ്ങള്‍ പരാതിപ്പെട്ടിട്ടും കമ്മിഷന്‍ പ്രശ്‌നം പരിഹരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഹമ്മദാബാദിലെ നരോദയിലെത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
182 നിയമസഭ സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഡിസംബര്‍ 8ന് നടക്കും.