അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും എഎപിയും വിജയ പ്രതീക്ഷയിലാണ്. അതേസമയം സ്ഥാനാർഥികളെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന അഞ്ച് ബിജെപി സ്ഥാനാർഥികളുടെ ആകെ ആസ്‌തി 1200 കോടിയിലധികമാണ്. 93 സ്ഥാനാർഥികളിൽ 75 പേർക്ക് ഒരു കോടിയുടെ ആസ്‌തിയുണ്ടെന്നാണ് വിവരം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എഡിആർ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സ്ഥാനാർഥികളുടെ സ്വത്തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്.
ആസ്‌തിയിൽ മുന്നിൽ ജയന്തിഭായ് സോമാഭായ് : ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ജയന്തിഭായ് സോമാഭായ് പട്ടേലിന്‍റെ ആസ്‌തി 661 കോടിയാണ്. ജയന്തിഭായിക്ക് തൊട്ടുപിന്നിൽ സിദ്ധ്പൂരിലെ സ്ഥാനാർഥിയാണ്. സിദ്ധ്പൂരിലെ ബിജെപി സ്ഥാനാർഥി ബൽവനന്ത് സിൻഹ് ചന്ദൻസിങ് രാജ്‌പുത്തിന്‍റെ സ്വത്ത് 343 കോടിയാണ്.
വിജാപൂരിലെ സ്ഥാനാർഥി രാമൻഭായ് ഡി പട്ടേലിന്‍റെ ആസ്തി 95 കോടിയും ദസ്‌ക്രോയിൽ നിന്നുള്ള ബാബുഭായ് ജംനാദാസ് പട്ടേലിന്‍റേത് 61 കോടിയുമാണ്. 46 കോടിയാണ് ആനന്ദിൽ നിന്നുള്ള യോഗേഷ് ആർ പട്ടേലിന്‍റെ ആസ്‌തി. ഈ അഞ്ച് ബിജെപി സ്ഥാനാർഥികളുടെ ആകെ സ്വത്തുക്കള്‍ 1235 കോടി രൂപയിലേറെയാണ്.
ഡിസംബർ 5ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന 81 ശതമാനം പേരും കോടിപതികളാണ്. കോൺഗ്രസ് സ്ഥാനാർഥികളിൽ 86 ശതമാനം പേർ കോടിപതികളാണ്. രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 4.25 കോടിയാണ്. 2017 തെരഞ്ഞെടുപ്പിൽ ഇത് 2.39 കോടിയായിരുന്നു.
കാര്യമായ ആസ്‌തികളില്ലാത്ത സ്ഥാനാർഥികളും മത്സരരംഗത്ത് : സമ്പത്തുള്ളവർ മാത്രമല്ല കാര്യമായ ആസ്‌തികളില്ലാത്ത അഞ്ച് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളായ, ഗാന്ധിനഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പട്‌നി മഹേന്ദ്രഭായി സോമാഭായ്, നരോദ മണ്ഡലത്തിലെ പട്ടേൽ സത്യകുമാർ കെ, അമ്റൈവാഡി മണ്ഡലത്തിലെ സതീഷ് ഹീരാലാൽ സോണി, ഡാനിമിൽഡ മണ്ഡലത്തിലെ പർമർ കസ്‌തൂർഭായ് രഞ്ചോദ്ഭായ്, സബർമതി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ജീവൻഭായ് രമാഭായ് പർമർ എന്നിവര്‍ക്ക് കാര്യമായ ആസ്തിവകകളില്ല.