ഗാന്ധിനഗർ: സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗുജറാത്ത് സർക്കാർ. നേരത്തെ സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കി സർക്കുലറിലാണ് പുതിയ തീരുമാനം. കൊവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ രോഗികൾക്കും ചികിത്സ നൽകണമെന്നും കൊവിഡ് റിപ്പോർട്ട് ആവശ്യമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കൂടുതൽ വായനയ്‌ക്ക് : കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ആംബുലൻസിലോ സ്വകാര്യ വാഹനങ്ങളിലോ എത്തുന്ന എല്ലാവർക്കും ചികിത്സ നൽകണം. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതായി നേരത്തെ നിരവധി പേർ പരാതിപ്പെട്ടിരുന്നു. എല്ലാ കൊവിഡ് രോഗികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതായും സർക്കുലറിൽ പറയുന്നു. മറ്റ് നഗരങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ വരുന്നവർക്ക് ചികിത്സ നിഷേധിക്കരുതെന്നും സർക്കുലറിൽ വ്യക്തമാണ്. ഈ നിർദേശങ്ങൾ പാലിക്കാത്ത ആശുപത്രികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.