ന്യൂഡല്‍ഹി : ഈ വര്‍ഷം ജൂലായില്‍ ജിഎസ്‌ടി വരുമാനം 1,48,995 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണ് ഇത്. 2017ല്‍ ജിഎസ്‌ടി രാജ്യത്ത് ആരംഭിച്ചതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാന നിരക്കാണിത്.
മൊത്തത്തിലുള്ള ജിഎസ്‌ടി സമാഹരണത്തില്‍ കേന്ദ്ര ജിഎസ്‌ടി 25,751 കോടിയും , സംസ്ഥാന ജിഎസ്‌ടി 32,807 കോടി രൂപയുമാണ്. അന്തര്‍ സംസ്ഥാന സേവനത്തിനും ചരക്കിനും ചുമത്തുന്ന ഇന്‍റഗ്രേറ്റഡ് ജിഎസ്‌ടി 79,518 കോടിയും( ഇതില്‍ 41,420 കോടി രൂപ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത ചരക്കുകളില്‍ നിന്നുള്ള നികുതി) സെസ് ഇനത്തിലേത് 10,920 കോടിയുമാണെന്ന്( ഇതില്‍ 995 കോടി രൂപ ഇറക്കുമതി ചെയ്‌ത ചരക്കുകളില്‍ നിന്ന് ) ധനകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജൂണില്‍ ജിഎസ്‌ടി കലക്ഷന്‍ 1.44 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് മാസം തുടര്‍ച്ചയായി രാജ്യത്ത് ജിഎസ്‌ടി വരുമാനം 1.4ലക്ഷം കോടിക്ക് മുകളിലാണ്. ഈ മാസങ്ങളില്‍ തുടര്‍ച്ചയായി ജിഎസ്‌ടി വരുമാനത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജിഎസ്‌ടി സമാഹരണം ആദ്യമായി 1.5 ലക്ഷം കോടി കടന്നത് ഈ വര്‍ഷം ഏപ്രിലിലാണ്.
1.68 ലക്ഷം കോടി രൂപയാണ് ആ മാസം ജിഎസ്‌ടി കലക്ഷനായി ലഭിച്ചത്. 2022ല്‍ ജൂലായി വരെയുള്ള ജിഎസ്‌ടി വരുമാനത്തിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഈതേകാലയളവിനെ അപേക്ഷിച്ച് 35 ശതമാനമാണ്. ഇത് മികവുറ്റ വളര്‍ച്ചാനിരക്കാണെന്ന് ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ ഉണര്‍വും ജിഎസ്‌ടി അടവ് ഉറപ്പുവരുത്താന്‍ കൗണ്‍സില്‍ സ്വീകരിച്ച നടപടികളുമാണ് മികച്ച ജിഎസ്‌ടി വരുമാനം ഉറപ്പാക്കിയതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ്(ജൂലൈ) ജിഎസ്‌ടി ആരംഭിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാത്. രാജ്യത്താകമാനം ഏകീകൃത നികുതി ഏര്‍പ്പെടുത്തുകയാണ് ജിഎസ്‌ടിയിലൂടെ ലക്ഷ്യം വച്ചത്. നികുതിയില്‍ കൂടുതല്‍ സുതാര്യതയും രജിസ്ട്രേഷന്‍ ലളിതമാക്കലും ജിഎസ്‌ടിയുടെ ലക്ഷ്യമാണ്. ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാനച്ചോര്‍ച്ച പരിഹരിക്കാനായി അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്‌ട പരിഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഷ്‌ടപരിഹാരം ഏതാനും വര്‍ഷങ്ങള്‍ക്കൂടി തുടരണമെന്ന് ചില സംസ്ഥാനങ്ങള്‍ ജിഎസ്‌ടി കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ഇതുവരെ വന്നിട്ടില്ല. ചില ചരക്കുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്‌ട പരിഹാരം കണ്ടെത്തുന്നത്.