ന്യൂഡൽഹി: ജി.എസ്.ടി കൗൺസിലിന്‍റെ 46-ാമത് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ധന സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഡോ. ഭഗവത് കിഷൻറാവു കരാദ് എന്നിവരും യോഗത്തിൽ സംബന്ധിക്കുന്നു. നിർമല സീതാരാമനാണ് അധ്യക്ഷത വഹിക്കുന്നത്.
തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയ ജി.എസ്.ടി പിൻവലിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തെലങ്കാന, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളുടേതാണ് ഈ ആവശ്യം. ഈ വിഷയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
ALSO READ: കൊവാക്‌സിൻ കുട്ടികളിൽ സുരക്ഷിതമെന്ന് ഭാരത് ബയോടെക്; കണ്ടെത്തൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കൊടുവിൽ
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്രം സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുന്നു. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി പാർലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനുമുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്‍റെ രണ്ടാം ഭരണത്തിൽ അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്.