ന്യൂഡൽഹി : നുപുർ ശർമയ്‌ക്കെതിരായ സുപ്രീംകോടതിയുടെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്‌ജിമാർ അടങ്ങുന്ന സംഘത്തിന്‍റെ പ്രസ്‌താവന. 15 ഹൈക്കോടതി ജഡ്‌ജിമാരും 77 മുൻ ഓൾ ഇന്ത്യ സർവീസ് ഓഫിസർമാരും 25 വിമുക്തഭടന്മാരും അടങ്ങുന്ന 117 പേരാണ് പ്രസ്‌താവനയിൽ ഒപ്പിട്ടിരിക്കുന്നത്. നുപുർ ശർമക്കെതിരായ കോടതിയുടെ പരാമർശങ്ങൾ ലക്ഷ്‌മണരേഖ ലംഘിക്കുന്നതാണെന്നും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയിൽ ഇതൊരു മായാത്ത മുറിവാണെന്നുമാണ് സംഘം അവകാശപ്പെടുന്നത്.
രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നുപുർ ശർമയാണെന്നും അവരുടെ വാവിട്ട വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ഇത് രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളിലും രാജ്യത്തിന്‍റെ സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തര തിരുത്തൽ നടപടികൾ ആവശ്യമാണെന്നും മുൻ ജഡ്‌ജിമാർ അടങ്ങുന്ന സംഘം വാദിക്കുന്നു.
ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, മുൻ കേരള ഹൈക്കോടതി ജഡ്‌ജി പി എൻ രവീന്ദ്രൻ, ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്‌ജി എസ് എം സോണി, രാജസ്ഥാൻ ഹൈക്കോടതി മുൻ ജഡ്‌ജിമാരായ ആർ എസ് റാത്തോഡ്, പ്രശാന്ത് അഗർവാൾ, ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി എസ് എൻ ധിംഗ്ര എന്നിവരടക്കമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
മുൻ ഐഎഎസ് ഓഫിസർമാരായ ആനന്ദ് ബോസ്, ആർ എസ് ഗോപാലൻ, എസ് കൃഷ്‌ണകുമാർ - അംബാസഡർ (റിട്ടയേർഡ്) നിരഞ്ജൻ ദേശായി, മുൻ ഡിജിപിമാരായ എസ് പി വൈദ്, ബി എൽ വോറ, ലഫ്റ്റനന്‍റ് ജനറൽ വി കെ ചതുര്‍വേദി (റിട്ടയേർഡ്), എയർ മാർഷൽ (റിട്ടയേർഡ്) എസ് പി സിംഗ് എന്നിവരും കത്തിൽ ഒപ്പുവച്ചു.തനിക്കെതിരായ എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട നുപുർ ശർമയുടെ അപേക്ഷയെയും സംഘം അംഗീകരിച്ചു.
വിചാരണ കൂടാതെ ഹർജിക്കാരിയെ കുറ്റക്കാരിയായി പ്രഖ്യാപിക്കുന്നത് ജനാധിപത്യ സമൂഹത്തിന്‍റെ മുഖമല്ലെന്നും പ്രസ്‌താവനയിലുണ്ട്. നുപുർ ശർമയ്‌ക്കെതിരായ സുപ്രീംകോടതിയുടെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ അജയ് ഗൗതം സമർപ്പിച്ച ഹർജി പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.