മുംബൈ: രാജ്യം കൊവിഡ് മഹാമാരിയില്‍ മുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസവുമായി പൂനെയിലെ ഒരു കൂട്ടം ഓട്ടോ തൊഴിലാളികള്‍. ജുഗാഡ് ആംബുലന്‍സ് എന്ന പേരില്‍ കൊവിഡ് രോഗികള്‍ക്ക് സേവനം നല്‍കുകയാണ് ഇവര്‍. ആശുപത്രിക്കിടക്കകള്‍ക്കും, ഓക്സിജനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യം തങ്ങളുടെ മുച്ചക്രവാഹനത്തിനുള്ളില്‍ ഒരുക്കിയിരിക്കുകയാണ്.
6 മുതല്‍ 7 മണിക്കൂര്‍ വരെ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും, ആവശ്യക്കാര്‍ക്ക് വിളിക്കാനുള്ള ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് എങ്ങനെ ഓക്സിജന്‍ നല്‍കണമെന്നതിന് തൊഴിലാളികള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘവും തങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജുഗാഡ് ആംബുലന്‍സ് പദ്ധതിയുടെ പ്രധാനിയായ കേശവ് ക്ഷിര്‍സാഗര്‍ പറഞ്ഞു.
Also Read: രണ്ട് മുതൽ 18 വയസുവരെയുള്ളവരില്‍ കൊവാക്സിൻ ക്ലിനിക്കൽ ട്രയലിന് ഡിസിജിഐയുടെ അനുമതി
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 816 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ കേസുകള്‍ 5,226,710 ഉം, മരണം 78,007ഉം ആയി. 58,805 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതെടെ 4.6 മില്യണ്‍ പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 88.01 ശതമാനമാണ് സംസ്ഥാനത്തെ റിക്കവറി റേറ്റ്.