ഫരീദബാദ് (ഹരിയാന): സ്‌ത്രീധനത്തെ ചൊല്ലി വിവാഹശേഷമുള്ള പീഡനങ്ങളും, വിവാഹം തന്നെ ഒഴിവാക്കപ്പെട്ട സംഭവങ്ങളും നിരവധി തവണ വാര്‍ത്തയില്‍ ഇടംപിടിച്ചതാണ്. സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങളെല്ലാം അരങ്ങേറുന്നത് എന്നത് മറ്റൊരു വസ്‌തുതയും. എന്നാല്‍ പറഞ്ഞുറപ്പിച്ച സ്‌ത്രീധന തുകയ്‌ക്ക് പുറമെ ഭാര്യാവീട്ടുകാര്‍ ആഡംബര കാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്.
വിവാഹത്തിന് മുമ്പ് നല്‍കാമെന്ന് ഇരുവീട്ടുകാരും തമ്മില്‍ പറഞ്ഞുറപ്പിച്ച സ്‌ത്രീധനത്തുകയ്‌ക്ക് പുറമെ ആഡംബരക്കാറായ ബിഎംഡബ്ല്യു നല്‍കിയില്ലെന്ന് ആരോപിച്ച് ഡോക്‌ടറായ യുവാവാണ് ഭാര്യയെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇതെത്തുടര്‍ന്ന് വധുവിന്‍റെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കി. പരാതിയിന്മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 120ബി, 377, 379എ, 498എ, 406, 506, 511 എന്നീ വകുപ്പുകള്‍ പ്രകാരം വരനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
സംഭവം ഇങ്ങനെ: ഹിസാറിൽ ആശുപത്രി നടത്തുന്ന ഡോക്‌ടര്‍മാരായ അരവിന്ദിന്‍റെയും ആഭാ ഗുപ്‌തയുടെയും മകനായ ആബിര്‍ ഗുപ്‌തയാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. നേപ്പാളില്‍ എംബിബിഎസിന് പഠിക്കുന്ന ആബിറും ഫരീദാബാദിൽ നിന്നുള്ള റേഡിയോളജിസ്‌റ്റായ പെൺകുട്ടിയും തമ്മില്‍ ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് നീങ്ങുന്നതും. ബന്ധുക്കള്‍ ഇടപ്പെട്ട് ജനുവരി 26 ന് ഗോവയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞയുടനെ തന്നെ വരന്‍റെ ബന്ധുക്കള്‍ നവവധുവിന്‍റെ വീട്ടുകാരില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് കേട്ടയുടനെ തന്നെ വധുവിന്‍റെ മാതാപിതാക്കള്‍ ഇവര്‍ക്ക് ആവശ്യപ്പെട്ട പണം കൈമാറി. മാത്രമല്ല ഗോവയില്‍ രണ്ട് ദിവസങ്ങളിലായി വിവാഹ പരിപാടികള്‍ നടത്താനും ഇതിന്‍റെ ചെലവ് ഇരുകൂട്ടരും തുല്യമായി പങ്കിടാനും തീരുമാനമായി.
കാറും കല്യാണവും: എന്നാല്‍ വിവാഹ തീയതി അടുത്തതോടെ ആബിറിന്‍റെ പിതാവ് വധുവിന്‍റെ ബന്ധുക്കളോട് ആഡംബര കാറായ ബിഎംഡബ്ല്യു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ ഇപ്പോള്‍ നല്‍കാന്‍ നിര്‍വാഹമില്ലെന്നും വൈകാതെ തന്നെ നല്‍കാമെന്നും വധുവിന്‍റെ വീട്ടുകാര്‍ മറുപടിയും നല്‍കി. അതേസമയം പരസ്‌പരമുള്ള കുറ്റംപറച്ചിലുകള്‍ക്കൊടുവില്‍ ആബിറും യുവതിയും തമ്മിലുള്ള വിവാഹവും നടന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മറ്റ് ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ആബിറിന്‍റെ കുടുബം വധുവിന്‍റെ വീട്ടുകാരെ അറിയിക്കാതെ ഹോട്ടല്‍ ചെക്കൗട്ട് ചെയ്‌ത് പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും മറ്റും പണം സംഘടിപ്പിച്ച് വധുവിന്‍റെ മാതാപിതാക്കള്‍ ഹോട്ടലിലെ ബില്ലുകള്‍ തീര്‍ത്ത് വധുവിനെയും നവവരനെയും വിമാനത്താവളത്തിലെത്തിച്ചു.
അടിമുടി തട്ടിപ്പ്, ഒടുവില്‍ പിടിയില്‍: ഈ സമയം താന്‍ ഇട്ടിരിക്കുന്ന പാന്‍റില്‍ അസ്വസ്ഥനാണെന്നും മാറ്റിവരാമെന്നും വധുവിനോട് അറിയിച്ച് ആബിര്‍ ടോയ്‌ലറ്റിലേക്ക് പോയി. ഈ സമയം ആബിറിന്‍റെ അമ്മയെത്തി ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് യുവതിയില്‍ നിന്നും വാങ്ങി നടന്നു. എന്നാല്‍ യുവതി ഇതേവരെ വിമാനത്തില്‍ കയറിയിട്ടില്ലെന്ന് എയർലൈനിൽ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് വധുവിന്‍റെ പിതാവും സ്ഥലത്തെത്തി. ഈ സമയം യുവതി വിമാനത്താവളത്തില്‍ ഒരിടത്തായി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആബിറിന്‍റെ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇയാളെ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ വധുവിന്‍റെ ബന്ധുക്കള്‍ പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അതേസമയം വിവാഹവുമായി ബന്ധപ്പെട്ട് ഇതിനോടകം രണ്ട് കോടിയോളം രൂപ ചെലവഴിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.