മൈസൂർ (കര്‍ണാടക): ഒരു വര്‍ഷം മുന്‍പ് മരിച്ചുപോയ അച്ഛന്‍റെ മെഴുക് പ്രതിമയെ സാക്ഷിയാക്കി മകന്‍റെ വിവാഹം. മൈസൂരിലെ നഞ്ചൻകോട് ആണ് സംഭവം. ചിക്കമംഗളൂര്‍ കടൂര്‍ സ്വദേശിയും ജെഎസ്‌എസ് ആയുര്‍വേദ കോളജിലെ എംഡി വിദ്യാര്‍ഥിയുമായ യതീഷ് ആണ് അച്ഛന്‍റെ സാന്നിധ്യത്തില്‍ വിവാഹം ചെയ്യണമെന്ന തന്‍റെ ആഗ്രഹം പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ചാണ് യതീഷിന്‍റെ അച്ഛന്‍ രമേശിന്‍റെ മരണം സംഭവിക്കുന്നത്. തന്‍റെ വിവാഹത്തിന് അച്ഛനുണ്ടാകണമെന്ന് യതീഷ് ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് അച്ഛന്‍റെ പൂർണകായ മെഴുക് പ്രതിമ ഉണ്ടാക്കി.
ഏപ്രില്‍ 7, 8 തീയതികളിലാണ് യതീഷിന്‍റെയും നഞ്ചൻകോട് മൽകുണ്ടി സ്വദേശി ഡോ. അപൂർവയുടെയും വിവാഹം നടന്നത്. നഞ്ചൻകോട്ടെ വിവാഹ വേദിയില്‍ അച്ഛന്‍റെ മെഴുക് പ്രതിമ ഒരു കസേരയില്‍ ഇരുത്തി. ഒപ്പം യതീഷിന്‍റെ അമ്മയും ഇരുന്നു.
സംഭവമറിയാതെ വിവാഹ വേദിയിലെത്തിയവര്‍ ആദ്യമൊന്ന് അമ്പരന്നു. കാരണം അത്രയ്ക്ക് പൂര്‍ണതയിലാണ് മെഴുകു പ്രതിമ നിര്‍മിച്ചത്. അടുത്തുവന്നാല്‍ മാത്രമാണ് അത് യതീഷിന്‍റെ അച്ഛനല്ലെന്നും മെഴുക് പ്രതിമയാണെന്നും മനസിലാകുന്നത്.