അമരാവതി: ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു കഴിഞ്ഞ പൂക്കൾ സാധാരണ കുപ്പത്തൊട്ടിയിലേക്കിടാറാണ് പതിവ്. എന്നാൽ ഈ പൂക്കൾ പുനരുപയോഗിക്കാമെന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് വിശാഖപട്ടണത്തെ ഒരു കൂട്ടം യുവാക്കളും അവരുടെ സംഘടനയും. പുഷ്‌പ മാലിന്യങ്ങള്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പുനരുപയോഗിക്കാൻ കഴിയുമെന്ന ആശയത്തില്‍ നിന്നാണ് 'ഗ്രീന്‍ വേവ്‌സ് എന്‍വയോൺമെന്‍റൽ സൊലൂഷന്‍സ്' എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയത്.
ഉപേക്ഷിക്കുന്ന പൂക്കൾ ഉണക്കിയ പൊടിയിൽ നിന്നും 'ഗ്രീന്‍ വേവ്‌സ്' സുഗന്ധ ദ്രവ്യങ്ങളും, സുഗന്ധ ദ്രവ്യ തിരികളുമാണ് നിർമിക്കുന്നത്. അനിലാണ് ഗ്രീന്‍ വേവ്‌സിന് തുടക്കമിട്ടത്. തുടക്കത്തില്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി തരം തിരിക്കുക എന്ന ആശയമായിരുന്നു ഗ്രീന്‍ വേവ്‌സിന്‍റേത്. എന്നാൽ പരിസ്ഥിതി സൗഹാർദം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ചുറ്റുപാടും മാലിന്യ രഹിതമാക്കുകയായിരുന്നു അനിലിന്‍റെ ലക്ഷ്യം. തുടർന്ന് ചില ക്ഷേത്രങ്ങളുമായി ചേർന്ന് തേങ്ങയും ഉണങ്ങിയ പൂക്കളും ശേഖരിച്ച് പരിസ്ഥിതി സൗഹാർദപരമായ ഉൽപന്നങ്ങള്‍ നിർമിക്കാൻ ആരംഭിച്ചു.
സുഗന്ധ ധൂപങ്ങള്‍ക്ക് പുറമെ സുഗന്ധ സോപ്പുകളും സംഘടന നിർമിക്കുന്നുണ്ട്. ചിരട്ടകള്‍ കൊണ്ട് പാത്രങ്ങളും അടപ്പുകളും ഉണ്ടാക്കുന്നു. പൂക്കള്‍ ഉണക്കി പൊടിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. ചെടിയുടെ ഓരോ ഭാഗവും പല കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. പുഷ്‌പങ്ങളില്‍ നിന്ന് വിത്തുകള്‍ക്കും രാസവളങ്ങള്‍ക്കും അനുയോജ്യമായ ഭാഗങ്ങള്‍ ഇവർ മാറ്റിവെക്കാറുണ്ട്. വിശാഖപട്ടണം മുനിസിപ്പൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥർ ഇപ്പോൾ ഗ്രീന്‍ വേവ്‌സിന്‍റെ ആശയങ്ങളെ പ്രോത്സാഹിക്കുന്നുണ്ട്. ഗ്രീന്‍ വേവ്‌സിന്‍റെ പ്രവര്‍ത്തനങ്ങളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന് പ്രചോദനമായി മാറിയത്. മാർക്കറ്റുകൾ, ക്ഷേത്രങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഉപയോഗിച്ചു കഴിഞ്ഞ പൂക്കള്‍ ശേഖരിച്ച് കൊണ്ട് വരുന്നതിനുള്ള പരിപാടികള്‍ ഇവർ വ്യാപകമായി ആസൂത്രണം ചെയ്യുന്നുണ്ട്.