ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽ ഒരു മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം വൃക്ഷത്തൈകൾ നട്ട് ലോക റെക്കോർഡ് സ്ഥാപിച്ച് ഗ്രീൻ ഇന്ത്യ ചലഞ്ച്. ഗ്രീൻ ഇന്ത്യ ചലഞ്ചിന്‍റെ ഉപജ്ഞാതാവും രാജ്യസഭാ എംപിയുമായ ജോഗിനിപള്ളി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
30,000 ത്തിലധികം തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ ആദിലാബാദ് ജില്ലയെ പത്ത് ഭാഗങ്ങളായി തിരിച്ചാണ് ചെടികൾ നട്ടത്. ആദിലാബാദ് ഗ്രാമീണ മേഖലയിലെ ദുർഗാനഗറിൽ 200 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വനമേഖലയിൽ മിയാവാക്കി മാതൃകയിലൂടെ അഞ്ച് ലക്ഷം തൈകളാണ് നട്ടത്.
ആദിലാബാദ് റൂറൽ ബേല മണ്ഡലത്തിൽ രണ്ട് ലക്ഷം ചെടികളും നഗരമേഖലയിലെ 45 വീടുകളിൽ 1,80,000 തൈകളും പ്രവർത്തകർ നട്ടു. കൂടാതെ ആദിലാബാദിലെ ആർ, ബി റോഡിന് ഇരുവശത്തും 1,20,000 തൈകൾ കൂടി അറുപത് മിനിട്ടിനിടെ നട്ടതോടെ പത്ത് ലക്ഷം എന്ന റെക്കോർഡ് സംഖ്യയിലേക്കെത്താൻ പ്രവർത്തകർക്കായി.
ALSO READ: കൃഷ്‌ണ നദീജല തർക്കം : പുലിചിന്തല ഡാമിൽ പൊലീസിനെ നിയോഗിച്ച് ആന്ധ്ര - തെലങ്കാന സർക്കാരുകള്‍
ചടങ്ങ് മുഴുവനായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും, വീഡിയോകൾ ഗിന്നസ് ബുക്ക് വേൾഡ് റെക്കോർഡിലേക്ക് അയയ്‌ക്കുമെന്നും സംഘാടകർ അറിയിച്ചു. ദുർഗനഗർ മേഖലയിലെ നിരീക്ഷിച്ചതിന് ശേഷം വണ്ടർ ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെ പ്രതിനിധികൾ സംഘാടകർക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി.
എംപി ജോഗിനിപള്ളി സന്തോഷ് കുമാർ, തെലങ്കാന വനം, പരിസ്ഥിതി ശാസ്ത്ര സാങ്കേതിക മന്ത്രി അലോല ഇന്ദ്ര കരൺ റെഡ്ഡി, ടിആർഎസ് എംഎൽഎമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.