ന്യൂഡൽഹി: വ്യാവസായിക ആവശ്യങ്ങൾക്കനുസരിച്ച് ബഹിരാകാശ മേഖലയിൽ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിലെ 4,000 ടെക്‌നിക്കൽ സ്റ്റാഫ് അംഗങ്ങൾക്ക് നൈപുണ്യ വികസന മന്ത്രാലയം പരിശീലനം നൽകും. ഐഎസ്ആർഒ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് ഹ്രസ്വകാല കോഴ്‌സുകൾക്കായി ഒരു ഔപചാരിക ചട്ടക്കൂട് സൃഷ്‌ടിക്കുന്നതിനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമായി അടുത്ത 5 വർഷത്തിനുള്ളിലാകും 4,000 ജീവനക്കാർക്ക് പരിശീലനം നൽകുക. ഇന്ത്യയിലുടനീളമുള്ള എംഎസ്‌ഡിഇയുടെ കീഴിലുള്ള നാഷണൽ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NSTI) ആണ് പരിശീലനം നൽകുന്നത്.
ഭാവിക്കായി സജ്ജമാക്കുന്ന തൊഴിലാളികൾ: ബഹിരാകാശ വകുപ്പിന് (DoS) കീഴിലുള്ള ഐഎസ്ആർഒ കേന്ദ്രങ്ങളിലും യൂണിറ്റുകളിലും പ്രവർത്തിക്കുന്ന വിവിധ ടെക്‌നിക്കൽ സ്റ്റാഫുകളുടെ കഴിവുകൾ വർധിപ്പിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇന്ന് ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രകാരം, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിശദമായ പരിശീലന കലണ്ടർ, പരിശീലന പാഠ്യപദ്ധതി, സിലബസ് എന്നിവ തയാറാക്കുന്നതിന് മന്ത്രാലയവും ഐഎസ്ആർഒയും എംഎസ്‌ഡിഇ, എൻഎസ്‌ടിഐ എന്നിവയുമായി സംയുക്തമായി പ്രവർത്തിക്കും.
കൂടാതെ പരിശീലന പരിപാടി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ലാബുകൾ, വർക്ക് ഷോപ്പുകൾ, ക്ലാസ് മുറികൾ, മറ്റ് പരിശീലന സൗകര്യങ്ങൾ എന്നിവയും നൈപുണ്യ മന്ത്രാലയം ക്രമീകരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള പൂർണ മേൽനോട്ടവും ഉത്തരവാദിത്തവും മന്ത്രാലയത്തിനായിരിക്കും. നൈപുണ്യ വികസന സെക്രട്ടറി രാജേഷ് അഗർവാൾ, ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
മേഖലകളിലുടനീളമുള്ള തങ്ങളുടെ ടെക്‌നിക്കൽ ജീവനക്കാരുടെ വൈദഗ്ധ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഐഎസ്ആർഒയിലെ സാങ്കേതിക വിദഗ്‌ധരെ ഉയർത്തുന്നത് ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണെന്നും രാജേഷ് അഗർവാൾ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യ കൈവരിക്കാനും വളർത്തിക്കൊണ്ടുവരാനും ഇത്തരം പരിശീലന പരിപാടികൾ ജീവനക്കാരെ പ്രാപ്തരാക്കുമെന്നും ഇത് ബഹിരാകാശ മേഖലയിൽ തന്നെ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
സ്‌കിൽ ഇന്ത്യ പദ്ധതി: നൈപുണ്യമുള്ള തൊഴിലാളി സമൂഹത്തെ സൃഷ്‌ടിക്കുന്നതിനായി 2015 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ് സ്‌കിൽ ഇന്ത്യ പദ്ധതി. ഇന്ത്യയുടെ ദേശീയ നൈപുണ്യ വികസന ദൗത്യം എന്നും അറിയപ്പെടുന്ന ഈ പദ്ധതിയിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള ദേശീയ നയം, പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ), സ്‌കിൽ ലോൺ സ്‌കീം, റൂറൽ ഇന്ത്യ സ്‌കിൽ പ്രോഗ്രാം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. ഇവയിൽ, പ്രധാനമായും രാജ്യത്തെ ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് റൂറൽ ഇന്ത്യ സ്‌കിൽ പ്രോഗ്രാം.