ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഗ്വാള്‍. രാഷ്‌ട്രപതി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്നത് രാഷ്‌ട്രീയേതര കാര്യമാണ് . പ്രതിപക്ഷം തീര്‍ച്ചയായും പങ്കെടുക്കണമെന്നും ബഹിഷ്‌കരിക്കണമെന്ന തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ജനാധിപത്യത്തിന്‍റെ അന്തസത്തയെ കീറിക്കളയുകയാണ് ചെയ്‌തതെന്ന് കേന്ദ്ര മന്ത്രിയായ ഗിരിരാജ് സിങ് പറഞ്ഞു. ബഹിഷ്‌കരിക്കുക വഴി അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്‌തതെന്നും ഗിരിരാജ് സിങ് വിമര്‍ശിച്ചു.
അതേസമയം പാര്‍ലമെന്‍റിലെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു . കോണ്‍ഗ്രസ്, എന്‍സിപി, ജെ കെ നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, എഐടിസി, ശിവസേന, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഐ(എം), സിപിഐ, ഐയുഎംഎല്‍,ആര്‍എസ്‌പി, പിഡിപി, എംഡിഎംകെ, കേരള കോണ്‍ഗ്രസ് (എം), എഐയുഡിഎഫ് തുടങ്ങി 16 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ബിഎസ്‌പി, ആം ആദ്‌മി പാർട്ടി, എസ്എഡി എന്നിവയും രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.