ന്യൂഡല്‍ഹി: 22 യൂട്യൂബ് അധിഷ്‌ടിത വാര്‍ത്താചാനലുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. ഇതില്‍ നാലെണ്ണം പാകിസ്ഥാനില്‍ നിന്നുള്ളതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് നടപടി.
2021ലെ ഐടി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ യൂടൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും, ഒരു ഫേസ്‌ബുക്ക് അക്കൗണ്ടും, ഒരു ന്യൂസ് വെബ്‌സൈറ്റും ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. 2021 ഡിസംബറിന് ശേഷം വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രാലയം ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട യൂട്യൂബ് അധിഷ്‌ടിത ന്യൂസ് ചാനലുകളുടെ എണ്ണം 78 ആയി.
ദേശീയ സുരക്ഷ, അഖണ്ഡത, ക്രമസമാധാനപാലനം, വിദേശനയം എന്നിവ ബാധിക്കപ്പെടുന്നതിനാലാണ് ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടത്. ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണം ആകെ കണക്കാക്കിയാല്‍ 260 കോടി വരുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട യൂട്യൂബ് ചാനലുകളുടെ പേരുകള്‍ വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
'പാകിസ്ഥാനില്‍ നിന്ന് ഒന്നിലധികം യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ച് ജമ്മുകശ്‌മീരിനെ കുറിച്ചും ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുമുള്ള വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ട്. ഇവയാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. യുക്രൈനിലെ സാഹചര്യത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ബ്ലോക്ക് ചെയ്‌തു'. മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരുത്തുകയായിരുന്നു ഇവയുടെ ലക്ഷ്യമെന്നും വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.
ചില ടിവി ചാനലുകളുടെ ലോഗയും അവരുടെ അവതാരകന്‍മാരുടെ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വാര്‍ത്തകള്‍ക്ക് വിശ്വാസ്യത ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വിശ്വാസ്യതയുള്ളതും സുരക്ഷിതവുമായ ഓണ്‍ലൈനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും, അഖണ്ഡതയും, ദേശീയ സുരക്ഷയും, ക്രമസമാധാനപാലനവും ബാധിക്കപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും തടയുമെന്നും മന്ത്രാലയം വ്യക്തമാക്കി.