കൊൽക്കത്ത: അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ഭരണകൂടം ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമായി മുൻ കരസേന മേധാവി ജനറൽ ശങ്കർ റോയ്ചൗധരി. ജമ്മു കശ്‌മീരില്‍ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളാൽ വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
വേണം, ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി തുടരുമെന്ന പ്രചാരണം
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി തുടരുമെന്ന് കശ്‌മീരിലെ ജനങ്ങൾക്ക് ഉറപ്പുനൽകണം. സര്‍ക്കാരിന്‍റെ സുരക്ഷ നിയന്ത്രണങ്ങള്‍ ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. താലിബാന്‍റെ അഫ്‌ഗാന്‍ കടന്നുകയറ്റത്തോടു കൂടി പാകിസ്ഥാൻ കശ്മീരില്‍ എന്തെങ്കിലും ചെയ്‌തേക്കാന്‍ സാധ്യതയുണ്ടെന്ന് 1990 കളുടെ തുടക്കത്തിൽ കശ്മീരിലെ 16 സേനകളുടെ കമാൻഡറായിരുന്ന റോയ്ചൗധരി വ്യക്തമാക്കി.
അഫ്‌ഗാനിലെ പഞ്ച്‌ഷീർ താഴ്‌വരയില്‍ അന്തരിച്ച മുൻ ഐതിഹാസിക താലിബാൻ വിരുദ്ധ കമാൻഡർ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാർ സേനകളുമായി ഇന്ത്യ ബന്ധപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരികള്‍ക്കിടയില്‍ ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി തുടരുമെന്ന പ്രചാരണം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ഭരണകൂടം ഇറങ്ങിത്തിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.
ALSO READ: താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്‌റ്റ്, അസമില്‍ 14 പേര്‍ പിടിയില്‍