ന്യൂഡൽഹി: യുക്രൈനില്‍ നിന്നും എത്ര വിദ്യാർഥികളെ ഒഴിപ്പിച്ചുവെന്നും എത്ര പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സംരക്ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നപടികളെ കുറിച്ച് വിദ്യാര്‍ഥികളുടെ ബന്ധുക്കളോട് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യ യുക്രൈനില്‍ ആക്രമണം തുടങ്ങിയിട്ട് ദിവസങ്ങളായി. എന്തുകൊണ്ടാണ് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ ഇത്ര കാലതാമസമെന്നും അദ്ദേഹം ചോദിച്ചു. മേഖല തിരിച്ചുള്ള വിശദമായ ഒഴിപ്പിക്കൽ പദ്ധതിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ തുറന്ന് പറയണം.
Also Read: ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം ; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി
അതിനിടെ യുക്രൈനില്‍ നിന്നും അയല്‍ രാജ്യത്ത് എത്തുന്നവരെ തിരികെയെത്തിക്കുന്ന ദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നാല് മന്ത്രിമാരെയാണ് ചുമതലപ്പെടുത്തി അയച്ചത്. കൂടാതെ മൂന്ന് വ്യോമസേന വിമാനങ്ങളും രക്ഷാദൗത്യത്തിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ നിരവധി എയർലൈനുകളെയും ഇതിനായി സജ്ജരാക്കി.
രണ്ടായിരത്തോളം ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും 4,000 മുതൽ 5,000 വരെ പേർ വിമാനത്തിൽ തിരികെ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.