ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക്കൂടി നീട്ടി കേന്ദ്ര സർക്കാർ. സെപ്റ്റംബർ 30 വരെയാണ് തീയതി നീട്ടിയത്. നേരത്തെ ജൂണ്‍ 30 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.
ആദായനികുതി നൽകുന്നവർക്കായാണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സമയപരിധി നീട്ടണമെന്ന നികുതിദായകരുടെ ആവശ്യത്തെത്തുടർന്നാണ് ആദ്യം നിശ്ചയിച്ച തീയതി നീട്ടി ജൂൺ 30 വരെയാക്കിയത്.
ALSO READ: ഇന്ത്യൻ നാവികസേന ലോകത്തെ മികച്ച മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്ന് രാജ്‌നാഥ് സിങ്
ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക അക്ക ആൽഫാന്യൂമെറിക് (അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയിട്ടുള്ള)തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. നിലവിൽ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ബാങ്ക് അക്കൗണ്ടുകളിൽ പണ നിക്ഷേപം, ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കൽ, സ്ഥാവര വസ്‌തുക്കളുടെ ഇടപാട്, സെക്യൂരിറ്റികളിൽ ഇടപാട് എന്നിവ ഉൾപ്പെടെ നിരവധി സാമ്പത്തിക ഇടപാടുകൾ നേടാൻ പാൻ നിർബന്ധമാണ്.