ന്യൂഡല്‍ഹി : കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യ വിദഗ്‌ധര്‍. തീരുമാനം അശാസ്‌ത്രീയമാണെന്നും ഇത് നടപ്പിലാക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണ ഫലങ്ങള്‍ ഉണ്ടാകില്ലെന്നും എയിംസിലെ മുതിര്‍ന്ന എപ്പിഡെമിയോളജിസ്റ്റും കൊവാക്‌സിന്‍ പരീക്ഷണത്തിന്‍റെ മേല്‍നോട്ട ചുമതല വഹിക്കുകയും ചെയ്‌ത ഡോ. സഞ്ജയ് കെ റായി പറഞ്ഞു. സമാന നിലപാടുള്ള ഒരുപറ്റം വിദഗ്‌ധരുണ്ട്.
സഞ്ജയ് കെ റായി പറയുന്നതിങ്ങനെ. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിന് മുന്‍പ് ഇത് നിര്‍വഹിച്ച മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ അവലോകനം ചെയ്യണം. അമേരിക്ക ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങൾ നാലോ അഞ്ചോ മാസം മുമ്പ് കുട്ടികൾക്ക് വാക്‌സിനേഷന്‍ ആരംഭിച്ചു.
ഇന്ത്യയില്‍ ആരംഭിക്കുന്നതിന് മുമ്പ് ഈ രാജ്യങ്ങളിലെ ഡാറ്റ വിശകലനം ചെയ്യണം. അണുബാധയിൽ കാര്യമായ കുറവുണ്ടാക്കാൻ വാക്‌സിനേഷിന് സാധിയ്ക്കുന്നില്ല. ചില രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസുകള്‍ എടുത്തതിന് ശേഷവും ആളുകൾക്ക് രോഗം പിടിപെടുന്നു. അതേസമയം തീവ്രതയും മരണവും തടയാൻ വാക്‌സിനുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Read more: ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ; രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി
കുട്ടികളുടെ കാര്യത്തിൽ അണുബാധയുടെ തീവ്രത വളരെ കുറവാണ്. ലഭ്യമായ കണക്കുകൾ പ്രകാരം, പത്ത് ലക്ഷം പേരില്‍ രണ്ട് മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിലെ അപകട സാധ്യതയും ഗുണ ഫലവും വിശകലനം ചെയ്യണം. നിലവിലെ കണക്കുകള്‍ പ്രകാരം അപകടസാധ്യതയാണ് കൂടുതലെന്നും സഞ്ജയ് കെ റായി പറഞ്ഞു.
ജനുവരി മൂന്ന് മുതല്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡോ സഞ്ജയ് ഉള്‍പ്പടെ രംഗത്തെത്തിയത്.