ന്യൂഡൽഹി: കനത്ത സാമ്പത്തിക നഷ്‌ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന വോഡഫോൺ ഐഡിയയുടെ 35 ശതമാനം ഓഹരികൾ വാങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. വോഡഫോൺ ഐഡിയയുടെ 16,133 കോടി രൂപ പലിശ കുടിശ്ശിക ഇക്വിറ്റിയായി മാറ്റാൻ സർക്കാർ അനുമതി നൽകിയതായി കമ്പനി അറിയിച്ചു. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികൾ അതേ വിലയിൽ സർക്കാരിന് നൽകുമെന്നും കമ്പനി വ്യക്‌തമാക്കി.
സ്‌പെക്ട്രത്തിനും മറ്റ് കുടിശ്ശികകൾക്കുമുള്ള പേയ്‌മെന്‍റുകളുമായി ബന്ധപ്പെട്ട എല്ലാ പലിശയും ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്‌തതാണ് സർക്കാർ ഓഹരികൾ ഏറ്റെടുക്കുന്നത്. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായി സർക്കാർ മാറും. 2021 സെപ്റ്റംബറിൽ പ്രഖ്യാപിച്ച പരിഷ്‌കാര പാക്കേജിന്‍റെ ഭാഗമായാണ് സർക്കാർ കമ്പനിക്ക് ആശ്വാസ സഹായം അനുവദിച്ചത്.
ബോംബെ സ്റ്റോക് എക്‌ചേഞ്ചിൽ വെള്ളിയാഴ്‌ച വിഐഎൽ ഓഹരികൾ 1.03 ശതമാനം ഉയർന്ന് ഒന്നിന് 6.89 രൂപയിലാണ് ക്ലോസ് ചെയ്‌തത്. മാർക്കറ്റ് സമയം കഴിഞ്ഞാണ് ഫയലിങ് വന്നത്. ഓഹരികൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ഇന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ ഓഹരികൾ ഉയർച്ചയിലാണ്.