ന്യൂഡൽഹി : ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാരുടെ ആകെ ശേഷി 85 ശതമാനമാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുറച്ച ശേഷി, നേരത്തേ 72 ശതമാനമാക്കിയിരുന്നു. സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച ഉത്തരവ്, ഈ തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും.
നിലവിലെ യാത്രാനിരക്ക് നിയന്ത്രണം 15 ദിവസത്തേക്ക് മാത്രമേ ബാധകമാകുകയുള്ളൂ. വിമാനക്കമ്പനികൾക്ക് നിരക്കില്‍ പിന്നീട് മാറ്റം വരുത്താമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ALSO READ: 'കോണ്‍ഗ്രസിന് പുതിയ നേതൃത്വം വേണം'; തിരിച്ചുവരവിന് അത് അനിവാര്യമെന്ന് ശശി തരൂര്‍
യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിലെ നിയന്ത്രണം ഒക്ടോബർ നാല് വരെ ബാധകമാണ്. ഒക്ടോബർ അഞ്ചിന് ശേഷം വിമാന കമ്പനികള്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ തീരുമാനമെടുക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്, കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതിനുശേഷം ടിക്കറ്റ് ചാര്‍ജ് മന്ത്രാലയം ഇടപെട്ട് കുറച്ചിരുന്നു.
ശേഷം, ഓഗസ്റ്റ് 13 ന് നിരക്ക് 12.5 ശതമാനം വർധിപ്പിച്ചു. ആഭ്യന്തര യാത്രാവിമാനങ്ങളുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്‌ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.