ന്യൂഡല്‍ഹി: വാട്‌സ് ആപ്പിന് ബദലായി രാജ്യത്ത് പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 'സന്ദേശ്' എന്നാണ് മെസേജിങ് ആപ്പിന്‍റെ പേര്. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഏജന്‍സികളുമാണ് ആപ്പ് ഉപയോഗിക്കുന്നത്.
ഐടി മന്ത്രാലയത്തിന് കീഴിലെ എന്‍ഐസി വികസിപ്പിച്ചെടുത്ത 'സന്ദേശ്' കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന് ഇലക്ട്രോണിക്ക്‌സ്-ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ അറിയിച്ചു.
വാട്‌സ് ആപ്പിന്‍റെ എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് സന്ദേശും വികസിപ്പിച്ചിരിക്കുന്നത്. സന്ദേശ് ആപ്പ് വഴി വണ്‍-ടു-വണ്‍ ചാറ്റിങ്, ഗ്രൂപ്പ് ചാറ്റിങ്, വിവരങ്ങളുടെ കൈമാറ്റം, ഓഡിയോ-വീഡിയോ ചാറ്റിങ് എന്നിവ സാധ്യമാണ്. ഗൂഗില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ ഉപയോഗിച്ച് സന്ദേശ് ഉപയോഗിക്കാം.
ഫേസ്‌ബുക്കും വാട്‌സ്ആപ്പും പുതിയ സ്വകാര്യ നിയമം നടപ്പിലാക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ആപ്പ് കൊണ്ടുവരുന്നതെന്നത് ശ്രദ്ധേയം. നേരത്തെ രാജ്യത്ത് ട്വിറ്ററിന് പകരം 'കൂ' ആപ്പും സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. സ്വദേശി ആപ്പുകള്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ കൈയെടുക്കുന്നതിന്‍റെ ഭാഗമായാണിതെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.