ശ്രീനഗര്‍ : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാനാരുങ്ങി ജമ്മു കശ്‌മീര്‍ ഭരണകൂടം. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അനുകൂലമല്ലാത്ത അഭിപ്രായം ഉന്നയിക്കുന്ന ജീവനക്കാരെ കണ്ടെത്തി നോട്ടിസ് നല്‍കാനായി സമൂഹമാധ്യമ നെറ്റ്‌വര്‍ക്കുകള്‍ നിരീക്ഷിക്കാന്‍ ഭരണകൂടം അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ജനറല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്‍റിന് (ജിഎഡി) ചീഫ് സെക്രട്ടറി എ.കെ മേത്ത വെള്ളിയാഴ്‌ച ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാരിന്‍റെ നയങ്ങളെയും നേട്ടങ്ങളെയും വിമര്‍ശിച്ചുകൊണ്ട് ചില ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലെത്തി പ്രതികൂല പരാമര്‍ശങ്ങള്‍ നടത്തുന്നതായി യോഗം വിലയിരുത്തി. ഇതോടെയാണ് ചീഫ് സെക്രട്ടറി എ.കെ മേത്ത ജീവനക്കാരുടെ സമൂഹമാധ്യ നെറ്റ്‌വര്‍ക്കുകള്‍ പതിവായി നിരീക്ഷിക്കാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും നോട്ടിസയയ്‌ക്കാന്‍ ജിഎഡിയോട് ആവശ്യപ്പെടുന്നതും. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന് പിന്നാലെ വിഷയത്തിന്‍റെ ഗൗരവം ജീവനക്കാരെ ധരിപ്പിക്കുന്നതിനായി ജില്ല മജിസ്‌ട്രേറ്റുമാര്‍ എല്ലാ ജില്ല, സെക്‌ടറൽ ഓഫിസർമാർക്കും അടിയന്തര നിര്‍ദേശങ്ങള്‍ അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.