ന്യൂഡൽഹി: ഇന്ത്യയുടെ പ്ലേ സ്റ്റോറിൽ ഹാനികരമായ ധനകാര്യ സേവന ആപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ നൂറുകണക്കിന് വ്യക്തിഗത വായ്പാ ആപ്ലിക്കേഷനുകൾ അവലോകനം ചെയ്തതായും അവയിൽ പലതും ആപ്ലിക്കേഷൻ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതായും ഗൂഗിൾ ഇന്ത്യ അറിയിച്ചു. ഇത്തരത്തിൽ നയങ്ങൾ ലംഘിക്കുന്ന ആപ്ലിക്കേഷനുകളുടെ ഡവലപ്പർമാരോട് ഇന്ത്യയിലെ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ കമ്പനി ആവശ്യപ്പെട്ടുണ്ടെന്ന് ഉൽപ്പന്ന, ആൻഡ്രോയ്ഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്‍റ് സുസെയ്ൻ ഫ്രേ പറഞ്ഞു.
ഇത്തരത്തിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടാൽ അപ്ലിക്കേഷനുകൾ അറിയിപ്പില്ലാതെ നീക്കംചെയ്യപ്പെടുമെന്നും ഫ്രേ പറഞ്ഞു. ഓൺലൈൻ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്നതിനിടയിൽ ഡിജിറ്റൽ വായ്പയുടെ ചിട്ടയായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുന്നതിനുള്ള ഒരു വർക്കിങ് ഗ്രൂപ്പിന്‍റെ ഭരണഘടന റിസർവ് ബാങ്ക് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓൺലൈൻ വായ്പ പ്ലാറ്റ് ഫോമുകളുടെ / മൊബൈൽ വായ്പാ ആപ്ലിക്കേഷനുകളുടെ സമീപകാലത്തെ കുതിച്ചുചാട്ടവും ജനപ്രീതിയും ചില ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, അവയ്ക്ക് വ്യവസ്ഥാപരമായ പ്രത്യാഘാതങ്ങളുണ്ട്. വർധിച്ചുവരുന്ന അനധികൃത ഡിജിറ്റൽ വായ്പ പ്ലാറ്റ് ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും ഇരയാകരുതെന്ന് കഴിഞ്ഞ മാസം റിസർവ് ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.